വണ്ടി മറിഞ്ഞ് മുട്ടകൾ റോഡിൽ പൊട്ടിയൊലിച്ചു
1458781
Friday, October 4, 2024 3:59 AM IST
മരട്: മുട്ട വണ്ടി അപകടത്തിൽപ്പെട്ട് മറിഞ്ഞതിനെ തുടർന്ന് പൊട്ടിയ മുട്ടകൾ റോഡിൽ പരന്നൊഴുകി. അരൂർ - ഇടപ്പള്ളി ദേശീയ പാതയിൽ വൈറ്റില പവർ ഹൗസിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. പരുക്കേറ്റ ഓട്ടോ ഡ്രൈവർ കോഴിക്കോട് ബാലുശേരി സ്വദേശി അജയി(26) നെ വൈറ്റിലയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുമ്പനത്തെ ഗോഡൗണിൽ നിന്നും കടകളിൽ വിതരണം ചെയ്യുന്നതിന് മുട്ടകളുമായി കടവന്ത്രയിലേക്ക് പോയ ഓട്ടോറിക്ഷയിൽ അതേ ദിശയിൽ നിന്നെത്തിയ ഇന്നോവ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും വാഹനത്തിലെ മുട്ടകൾ മുഴുവനും റോഡിൽ വീണ് പൊട്ടി പരന്നൊഴുകുകയായിരുന്നു.
ഗാന്ധിനഗറിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം റോഡ് കഴുകി വൃത്തിയാക്കി. 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മുട്ട ഗോഡൗൺ ഉടമ ആദർശ് പറഞ്ഞു.