ആലുവ ജില്ലാ ആശുപത്രിയിൽ നവീകരിച്ച ലേബർ വാർഡ് ഇന്ന് തുറക്കും
1454596
Friday, September 20, 2024 3:49 AM IST
ആലുവ: ജില്ലാ ആശുപത്രിയായി അലുവ താലൂക്ക് ആശുപതിയെ മാറ്റിയ 2012 മുതൽ ഉയർന്ന ആവശ്യമായ ആധുനിക ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകും. സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നവീകരിച്ച ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ അടങ്ങിയ മെറ്റേണിറ്റി ബ്ലോക്ക് എന്നിവ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാടിന് സമർപ്പിക്കും.
നാഷണൽ ഹെൽത്ത് മിഷൻ 2021 ലും 2123 ലുമായി രണ്ടു കോടി 15.35 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. നിർമ്മാണത്തിനിടെ രണ്ടു വട്ടം രൂപരേഖ മാറ്റിയപ്പോൾ കെട്ടിടത്തിൻെറ ചില ഭാഗങ്ങൾ ഇടിച്ചു കളഞ്ഞിരുന്നു. ഇതോടെയാണ് പദ്ധതി തുക വർധിച്ചത്. ഈ തുക ചെലവഴിച്ചാണ് ലേബർ റൂമിൻെറ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്.
പ്രതിമാസം നൂറോളം പ്രസവങ്ങൾ നടക്കുന്ന ആലുവ ജില്ലാ ആശുപത്രിയിൽ നിരവധി സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്ന് സൂപ്രണ്ട് ഡോ. സ്മിജി ജോർജ് പറഞ്ഞു. സമീപ പഞ്ചായത്തുകളിലേയും ആലുവ, ഏലൂർ, അങ്കമാലി തുടങ്ങിയ നഗരസഭകളിലേയും രോഗികളാണ് പ്രധാനമായും ആലുവ ജില്ലാശുപത്രിയെ ആശ്രയിക്കുന്നത്.
ആതുര ചികിത്സാ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ആലുവ ജില്ലാ ആശുപത്രിയിൽ 227 കിടക്കകളാണ് ഉള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ലാബ്, ബ്ലഡ് ബാങ്ക്, ഇസിജി എന്നിവയും റേഡിയോളജി വിഭാഗത്തിൽ എക്സ്റേ, സിടി സ്കാൻ, മാമ്മോഗ്രാം തുടങ്ങിയവയും ഡയാലിസിസ് സെന്റർ, ഹീമോഫിലിയ സെന്റർ എന്നിവയും ഉണ്ട്.