മെട്രോ ഫീഡര്‍ സര്‍വീസിനായി 15 ഇലക്ട്രിക് ബസുകള്‍
1454288
Thursday, September 19, 2024 3:18 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ലാസ്റ്റ് കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഫീഡര്‍ സര്‍വീസുകള്‍ക്കായി 15 ഇലക്ട്രിക് ബസുകള്‍ വരുന്നു. ഈ മാസം അവസാനത്തോടെ ബസുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഫീഡര്‍ സര്‍വീസുകള്‍ ഇല്ലാത്ത റൂട്ടുകളിലേക്കും യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലേക്കുമായാണ് പുതിയ ബസുകളുടെ സര്‍വീസെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ ഇന്റര്‍സിറ്റി സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകള്‍ക്ക് സമാനമായി 32 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ സൗകര്യമുള്ളതാണ് കൊച്ചിക്ക് ലഭിക്കുന്ന ബസുകളും. 90 ലക്ഷം രൂപയാണ് ഓരോ ബസിന്റെയും വില. കെഎംആര്‍എൽ ആണ് ബസ് വാങ്ങാനുള്ള പണം മുടക്കുന്നത്.
മുട്ടം യാര്‍ഡിലാണ് ബസുകള്‍ക്കായി ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കുന്നത്. രാത്രിയില്‍ ഇവിടെ ചാര്‍ജ് ചെയ്ത ശേഷം പകല്‍ സര്‍വീസ് നടത്തും. ആവശ്യം വന്നാല്‍ വൈറ്റില, കലൂര്‍, ആലുവ മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നും ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും.
ഓരോ ബസിനും 160 കിലോ മീറ്ററാണ് സര്‍വീസ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ ബസുകളുടെ പ്രവര്‍ത്തന സമയവും റൂട്ടും നിരക്കും നിശ്ചയിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.