നാളികേരത്തിന്റെ സംഭരണ വില ഉയർത്തണം: ഷിബു തെക്കുംപുറം
1451529
Sunday, September 8, 2024 4:01 AM IST
കോതമംഗലം: നാളികേരത്തിന്റെ സംഭരണ വില മിനിമം 40 രൂപയാക്കി ഉയർത്തണമെന്നും, കേരകർഷകർക്ക് വന്യമൃഗ ശല്യം മൂലമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
ലോക നാളികേര ദിനത്തോടനുബന്ധിച്ച് യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖലാ കമ്മിറ്റി മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ നടത്തിവന്നിരുന്ന വിവിധ പരിപാടികളുടെ സമാപനവും അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരേ കിഴക്കൻ മേഖലയിൽ 26 മുതൽ 28 വരെ വാഹന പ്രചാരണ ജാഥ നടത്തുവാനും യോഗം തീരുമാനിച്ചു. ജനറൽ കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ്, സ്വതന്ത്ര കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എം. അബ്ദുൾ റഹ്മാൻ വിവിധസംഘടന നേതാക്കളായ കെ.ഇ. കാസിം, എം.സി. അയ്യപ്പൻ, സി.പി. ജോസ്, പി.എ. പാദുഷ തുടങ്ങിയവർ പ്രസംഗിച്ചു.