പൈങ്ങോട്ടൂര്‍ സ്കൂളിന് പിന്തുണയുമായി കത്തോലിക്ക കോണ്‍ഗ്രസ്
1444486
Tuesday, August 13, 2024 3:51 AM IST
പൈങ്ങോട്ടൂര്‍: കത്തോലിക്ക സഭ നടത്തുന്ന സ്കൂളുകളില്‍ തീവ്ര ഇസ്ലാമികവല്‍ക്കരണം നടത്താന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കില്ലെന്ന് കത്തോലിക്ക കോൺഗ്രസ്. സഭയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. നിസ്കാര വിഷയത്തില്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ജനറല്‍ സെക്രട്ടറി മാത്തച്ചന് കളപ്പുരയ്ക്കല്‍, ട്രഷറര്‍ തമ്പി പിട്ടാപ്പിള്ളില്‍, വി.യു.ചാക്കോ,തോമസ് കുണിഞ്ഞി, ഷൈജു ഇഞ്ചയ്ക്കല്‍, ജിജി പുളിക്കല്‍, ജോര്‍ജ് മങ്ങാട്ട്, അബി കാഞ്ഞിരപ്പാറ, ആന്റണി പുല്ലന്,
ജോണ്‍ മുണ്ടന്‍കാവില്‍, ജോയ്സ് മേരി ആന്റണി. ബിന്ദു ജോസ്, മേരി ആന്റണി, ബെന്നി തോമസ്, ജിനു ആന്റണി, ജോണി ജേക്കബ്, കെ.എം. ജോസഫ്, ഇ.ആര്. പൈലി, റോജോ വടക്കേല്‍, സനില്‍ പി. ജോസ്, അമിതാ ജോണി, അഞ്ജു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണം; സ്കൂൾ ജാഗ്രതാ സമിതി
പൈങ്ങോട്ടൂര്‍ : നാടിന്റെ അഭിമാനമായ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ യശസ് നശിപ്പിക്കുവാനുള്ള ഛിദ്രശക്തികളെ തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും സ്കൂള്‍ ജാഗ്രതാ സമിതി. സ്കൂള്‍ പ്രവൃത്തി സമയങ്ങളില്‍ നിസ്കാരത്തിന് അനുമതി നല്‍കണമെന്ന ആവശ്യം മതസൗഹാര്‍ദം തകര്‍ക്കുന്നതിനും മതതീവ്രവാദം വളര്‍ത്തുന്നതിനും മാത്രമേ ഉപകരിക്കൂ.
ഇതിനെ മുളയിലേ നുള്ളിക്കളയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയില്ല. ആസൂത്രിതമായ ഗൂഢാലോചന ഈ വിവാദങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്വേഷം പരത്താനുള്ള ഇത്തരം ശ്രമങ്ങളെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.