വയനാടിന് സഹായവുമായി സുമനസുകള്‍
1443011
Thursday, August 8, 2024 4:18 AM IST
കൊച്ചി: വയനാടിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി സുമനസുകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൈമാറിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നത്.
എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്തിനു സമീപം കരിക്ക് കട നടത്തുന്ന പത്മകുമാരി തേവര കഠാരിബാഗ് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ തന്റെ മകളുടെ ഒരുവര്‍ഷത്തെ സമ്പാദ്യം ജില്ലാ കളക്ടര്‍ക്ക് കൈമാറി. 2018ലെ പ്രളയ സമയത്തും ദുരിതാശ്വാസ നിധിയിലേക്ക് പത്മകുമാരി സംഭാവന നല്‍കിയിരുന്നു.
ആലുവ സിറിയന്‍ ചര്‍ച്ച് റോഡ് അമ്പാട്ടു വീട്ടില്‍ കുട്ടികളായ എഥേലും സിയറയും കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണവും ജില്ലാ കളക്ടര്‍ക്ക് കൈമാറി. എടത്തല പഞ്ചായത്ത് 10 ലക്ഷം രൂപയും, നടി അനശ്വര രാജന് രണ്ടു ലക്ഷം രൂപയും, പിറവം എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ 22,222 രൂപയും,
ആലുവ നഗരസഭാ കൗണ്‍സിലര്‍ കെ.യു. സരള ഒരു മാസത്തെ ഓണറേറിയം 10,000 രൂപയും ഗെയ്ൽ പൈപ്പ് ലൈന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന് 25,000 രൂപയും, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ 25,000 രൂപയുടെ ധനസഹായവും, കീഴ്മാട് ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും ജില്ലാ കളക്ടര്‍ക്ക് കൈമാറി.