ആലങ്ങാട്: വെളിയത്തുനാട് - മാളികംപീടിക റോഡിലെ പറാന കവലയിലെ കലുങ്കിന്റെ ഒരു ഭാഗം തകർന്നു. തലനാരിഴയ്ക്കാണ് കഴിഞ്ഞദിവസം ഇരുചക്ര വാഹന യാത്രികർ രക്ഷപ്പെട്ടത്.
പറാനയ്ക്കു സമീപം എംഐയുപി സ്കൂളിലേക്കു തിരിയുന്ന ഭാഗത്തുള്ള കലുങ്കാണു ഇടിഞ്ഞത്. കലുങ്കിനു ബലക്ഷയം ഉള്ളതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞ് അപകടം സംഭവിക്കാനിടയുണ്ട്.
ഇതോടെ റോഡിന്റെ അരികു ചേർന്നുള്ള വാഹനയാത്ര ഭീതിയിലായിരിക്കുകയാണ്. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നുപോകുന്നത്. പരാതി പറഞ്ഞിട്ടും പ്രശ്നത്തിനു പരിഹാരമായില്ലെന്നു ആക്ഷേപമുണ്ട്. അപകടഭീഷണി ഉള്ളതിനാൽ ഇടിഞ്ഞ ഭാഗത്തായി നാട്ടുകാർ വീപ്പകൾ നിരത്തിയും റിബണും കെട്ടിവച്ചിരിക്കുകയാണ്. എത്രയും വേഗം സുരക്ഷ ഉറപ്പാക്കണമെന്ന് വാഹനയാത്രികർ പറഞ്ഞു.