മാതൃകാപരമായ പ്രവർത്തനവുമായി ഓട്ടോറിക്ഷ ഡ്രൈവർ
1442453
Tuesday, August 6, 2024 6:53 AM IST
കൂത്താട്ടുകുളം: വയനാടിന് സഹായ ഹസ്തവുമായി കൂത്താട്ടുകുളത്തെ ഓട്ടോറിക്ഷ ഡ്രൈവർ. നഗരത്തിലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പി.എം. രാജുവാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചത്.
വയനാട്ടുകാർക്ക് സഹായം ഒരുക്കുന്നതിന്റെ ഭാഗമായി രാജുവിന് ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് രാജു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ വിവരം പൊതുജനങ്ങളെ അറിയിക്കുകയും ഓട്ടോറിക്ഷയിൽ ഈ വിവരം പരസ്യപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ് നിരവധി ആളുകളാണ് രാജുവിന്റെ ഓട്ടോറിക്ഷ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.
30 രൂപ ഓട്ടോ കൂലി നൽകേണ്ട സ്ഥാനത്ത് അഞ്ചൂറും ആയിരവും 2500 വരെ നൽകിയ യാത്രക്കാരുണ്ട്. ഇതിന് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും രാജുവിന്റെ അക്കൗണ്ടിലേക്ക് പണം എത്തി. ഇത് ആദ്യമായല്ല രാജു ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്തുന്നത്. നേരത്തെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാന രീതിയിൽ രാജു പണം നൽകിയിട്ടുണ്ട്.
പ്രളയ കാലത്തും, കോവിഡ് മഹാമാരിയിലും രാജു ആയിരക്കണക്കിന് രൂപയാണ് സമാഹരിച്ച് നൽകിയത്. 34 വർഷത്തിലേറെയായി രാജു കൂത്താട്ടുകുളത്ത് ഓട്ടോറിക്ഷ ഓടിച്ചു വരികയാണ്. ഒറ്റ ദിവസം കൊണ്ട് 20,000 രൂപ രാജുവിന് സമാഹരിക്കാൻ കഴിഞ്ഞു. ഈ തുക മുഖ്യമന്ത്രിക്ക് നേരിൽ നൽകണമെന്നാണ് രാജുവിന്റെ ആഗ്രഹം.
വയനാടിന് സന്പാദ്യ കുടുക്കകളുമായി കുരുന്നുകൾ പോലീസ് സ്റ്റേഷനിൽ
പിറവം: വയനാടിന്റെ കണ്ണീരൊപ്പുന്നതിന് കുടുക്കകളിലെ സന്പാദ്യവുമായി രണ്ട് കുരുന്നുകൾ രാമമംഗലം പോലീസ് സ്റ്റേഷനിലെത്തി. രാമമംഗലം സർക്കാർ എൽപി സ്കൂളിലെ വിദ്യാർഥികളായ ആന്റോണ് ജോസഫും, സഹോദരനായ അബിയോണ് ജോസഫുമാണ് കൈവശമുണ്ടായിരുന്ന സ്വന്തം സന്പാദ്യം പോലീസിന് കൈമാറിയത്.
വയനാട്ടിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തകഥകൾ സ്കൂൾ അസംബ്ലിയിൽ അധ്യാപകൻ പറയുന്നത് കേട്ടപ്പോഴാണ് കുരുന്നുകളുടെ മനസലിഞ്ഞത്. നാലിലും, ഒന്നിലും പഠിക്കുന്ന ആന്റോണും, അബിയോണും വീട്ടിലെത്തി മാതാപിതാക്കളോട് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ച് മനസിലാക്കി. വയനാട്ടുകാർക്ക് സഹായം പലരും എത്തിക്കുന്നുണ്ടന്നറിഞ്ഞതോടെ കുരുന്നുകളും തങ്ങളുടെ സന്പാദ്യം നൽകാൻ തയാറായി. ഇക്കാര്യമറിഞ്ഞപ്പോൾ മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു.
സ്റ്റേഷൻ ഇൻസ്പെക്ടർ വി. രാജേഷ്കുമാർ രണ്ട് കുടുക്കകളും ഏറ്റുവാങ്ങി. രാമമംഗലം മാമ്മലത്താഴത്ത് ജിറ്റിമോന്റെയും, നീനുവിന്റെയും മക്കളാണ് ഇരുവരും. വിശേഷദിവസങ്ങളിലും മറ്റും കുട്ടികൾക്ക് നൽകുന്ന ചെറിയ തുകകൾ സൂക്ഷിക്കുന്നത് കുടുക്കകളിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
ദുരന്ത ബാധിതർക്കായി സാധനങ്ങൾ സമാഹരിച്ചു
പോത്താനിക്കാട്: വയനാട്ടിലെ ദുരിത ബാധിതർക്കായി ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ സമാഹരിച്ചു. ശേഖരിച്ച മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസന്റ് മേക്കുന്നേൽ സംസ്ഥാന കോ-ഓർഡിനേറ്റർ റോയ് കല്ലുങ്കലിനു കൈമാറി.
നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മാണി പിട്ടാപ്പിള്ളിൽ, കെ.വി. കുര്യാക്കോസ്, സന്തോഷ് ഐസക്, കെ.എം. ചാക്കോ, സന്ദീപ് സി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
കൈത്താങ്ങായി പിണ്ടിമന ടിവിജെഎം എച്ച്എസ്എസിലെ വിദ്യാർഥികൾ
കോതമംഗലം: വയനാടിന് കൈത്താങ്ങായി പിണ്ടിമന ടിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. വിദ്യാർഥികൾ സമാഹരിച്ച ആദ്യഘട്ട തുകയായ 35,881 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി സ്കൂൾ മാനേജർ ബേസിൽ വർഗീസ്, ആന്റണി ജോണ് എംഎൽഎയ്ക്ക് കൈമാറി.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസഫ്, പഞ്ചായത്തംഗങ്ങളായ വിൽസണ് കൊച്ചുപറന്പിൽ, ലത ഷാജി, സെന്റ് ജോണ്സ് പള്ളി വികാരി ഫാ. ജോർജ് ചെരിയേക്കുടി, പിടിഎ പ്രസിഡന്റ് ബിനോയ് തറമറ്റം, പിടിഎ എക്സിക്യൂട്ടീവംഗം സണ്ണി പോൾ, ബെസി ഷിബു, സ്കൂൾ ബോർഡംഗങ്ങളായ എ.ഒ വർഗീസ്, എൽദോസ് കഴുതക്കോട്ട്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി. സോബിൻ, പ്രധാനാധ്യാപിക നീത എന്നിവർ പ്രസംഗിച്ചു.