ബസിലെ തീയണച്ച ഇൻഫോപാർക്ക് ജീവനക്കാരന് ആദരം
1442141
Monday, August 5, 2024 3:56 AM IST
ആലുവ: ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെഎസ്ആർടിസി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് ഇറങ്ങിയ ഇൻഫോപാർക്ക് ജീവനക്കാരനെ ജില്ലാ പോലിസ് മേധാവി ആദരിച്ചു. കൊരട്ടി ഇൻഫോ പാർക്ക് ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കിനേയാണ് ആലുവ ആസ്ഥാനത്ത് ആദരിച്ചത്.
കഴിഞ്ഞ ജൂലൈ 27 ന് അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. എഞ്ചിനിൽ നിന്ന് തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം ഒരു വശത്തേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബാറ്ററിയുടെ വയറുകളുടെ ബന്ധം ഇല്ലാതാക്കുകയും ചെയ്തു.
ബസിലെ എസ്റ്റിംഗൂഷറും ഉപയോഗിച്ചു. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കിന്റെയും സുഹൃത്തുക്കളുടേയും ശ്രദ്ധയിൽപ്പെട്ടു. ഉടനെ കാറിലെ എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിന്റെ അടിയിലേക്ക് കയറി തീ കെടുത്തുകയായിരുന്നു.
പിന്നാലെ വന്ന ലോറികളിലേയും എസ്റ്റിംഗൂഷറുകൾ തീ കെടുത്താൻ ഉപയോഗിച്ചു. കുട്ടുകാർ ബസിനടിയിലേക്ക് അവ നൽകുകയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് വലിയൊരു ദുരന്തമൊഴിവായി എന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു. റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ചും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.