ജെസിയുടെയും റീനയുടെയും സത്യസന്ധതയ്ക്ക് വജ്രത്തിളക്കം
1441550
Saturday, August 3, 2024 3:37 AM IST
നാലരലക്ഷത്തിന്റെ നെക്ലേസടക്കം ഉടമയ്ക്ക് തിരിച്ചുനല്‍കി
കൊച്ചി: കൈയില്‍ കിട്ടിയ പ്ലാസ്റ്റിക് മാലിന്യ ശേഖരത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ കണ്ടെങ്കിലും ഹരിത കര്‍മസേനാംഗങ്ങളായ കുമ്പളങ്ങി കോരാത്താന് വീട്ടില്‍ ജെസി വര്‍ഗീസിന്റെയും കലൂര്‍ വീട്ടില്‍ റീന ബിജുവിന്റെയും കണ്ണ് മഞ്ഞളിച്ചില്ല.
പ്ലാസ്റ്റിക് ശേഖരത്തിൽ നിന്നും ലഭിച്ച 4.50 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസും 50,000 രൂപയുടെ ഒരു ജോഡി ഡയമണ്ടിന്റെ കമ്മലും ഇരുവരും ചേർന്ന് ഉടമയ്ക്ക് തിരികെ നല്കി. കുമ്പളങ്ങി പഞ്ചായത്ത് 15-ാം വാര്‍ഡിലെ ഹരിത കര്‍മസേനാംഗങ്ങളാണ് ഇരുവരും.
ജൂലൈ രണ്ടിന് 15-ാം വാര്‍ഡിലെ കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് വീട്ടുടമയായ ആനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടത്. സാധാരണഗതിയില്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മറ്റൊരിടത്ത് കൊണ്ടുപോയിട്ടാണ് തരം തിരിക്കുന്നത്.
എന്നാല്‍ ജെസിയും റീനയും അന്ന് വീട്ടുമുറ്റത്തു വച്ചുതന്നെ അവിടെ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ തരംതിരിച്ചു. ഇതിനിടെയാണ് പ്ലാസ്റ്റിക് കവറുകളുടെ കൂട്ടത്തില്‍ വജ്രാഭരണങ്ങള്‍ കണ്ടത്. ഉടന്‍തന്നെ ഇരുവരും വീട്ടുകാരെ വിവരം അറിയിച്ചു.
തുടര്‍ന്ന് ആഭരണങ്ങള്‍ ഉടമയ്ക്ക് നല്കി. ഇരുവരുടെയും സത്യസന്ധതയില്‍ നന്ദി അറിയിച്ച് വീട്ടുടമസ്ഥയായ ആനി സ്വര്‍ണ ലോക്കറ്റുകള്‍ ഇരുവര്‍ക്കും സമ്മാനിച്ചു. ഇന്നലെ കുമ്പളങ്ങി പഞ്ചായത്തില്‍ നടന്ന മാലിന്യ ശില്പലയില് വൈസ് പ്രസിഡന്റ് പി.എ. സഗീര്‍, പഞ്ചായത്ത് സെക്രട്ടറി സിജ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും ആദരിച്ചു.