ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 55കാരൻ പിടിയിൽ
1425793
Wednesday, May 29, 2024 4:48 AM IST
കൂത്താട്ടുകുളം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 55കാരനെ പോലീസ് പിടികൂടി. കാക്കൂർ തൊട്ടുകുന്നേൽ രാജു (55) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. വീടിനുള്ളിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന രാജുവിന്റെ ഭാര്യ ബിന്ദു (52) നെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിത കർമ സേനാംഗമായ ബിന്ദു ഫോണിൽ സംസാരിക്കുന്നത് കണ്ടെത്തിയ രാജു വാക്കത്തിയുമായി വന്ന് ബിന്ദുവിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ മകൾ വെട്ട് തടയാൻ ശ്രമിച്ചില്ലെങ്കിലും ബിന്ദുവിന്റെ നെറ്റിയിൽ വെട്ടേറ്റു.
പരിക്കേറ്റ ബിന്ദുവിനെ ഉടൻ പിറവം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ പരാതിയെതുടർന്നാണ് കൂത്താട്ടുകുളം പോലീസ് കേസ് എടുത്തിരിക്കുന്നത്. അക്രമ സ്വഭാവമുള്ള രാജു ഇതിനു മുൻപും ബിന്ദുവിനെ ആക്രമിച്ചിട്ടുണ്ടെന്നും ഇതിനാൽ വീട്ടിലെ മൂർച്ചയേറിയ ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നും ബിന്ദു പോലീസിനോട് പറഞ്ഞു. തികഞ്ഞ മദ്യപാനിയാണ് രാജു.
ബിന്ദുവിന്റെ പരാതിയെതുടർന്ന് രാജുവിനെ അറസ്റ്റ് ചെയ്യാൻ രാത്രി തന്നെ പോലീസ് വീട്ടിൽ എത്തിയെങ്കിലും രാജു കടന്നുകളഞ്ഞിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ആന്പശേരി കാവിനു സമീപത്തെ തോട്ടിൽ രാജു മീൻ പിടിക്കുന്നതായി കണ്ടെത്തി. രാജുവിനെ ഇന്നലെ റിമാൻഡ് ചെയ്തു.