ആർത്തലച്ച് പെരുമഴ കൊച്ചി മുങ്ങി
1425774
Wednesday, May 29, 2024 4:35 AM IST
കൊച്ചി: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ ജില്ലയില്‍ വ്യാപക വെള്ളക്കെട്ടും മഴക്കെടുതിയും. തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചത് ഉള്‍പ്പെടെ ഒട്ടേറെ അപകടങ്ങളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കളമശേരിയിലും കാക്കനാടും വൈറ്റിലയിലുമൊക്കെ റോഡുകളും കടകളും വീടുകളുമൊക്കെ വെള്ളക്കെട്ടിലായി. മരങ്ങള്‍ കടപുഴകിവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. ഇരുചക്രവാഹന യാത്രക്കാരും വെള്ളക്കെട്ടില്‍ വീണ് അപകടമുണ്ടായി.
പെരുമ്പാവൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി വേങ്ങൂര്‍ മേയ്ക്കാപ്പാല ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് (16) ആണു മുങ്ങിമരിച്ചത്. തിങ്കളാഴ്ച കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് സന്ധ്യയ്ക്ക് വീടിനടുത്തുള്ള കണിച്ചാട്ടുപാറ തോട്ടില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച കുട്ടി ഇന്നലെ പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളക്കെട്ട് ഒഴിയാതെ കെഎസ്ആര്‍ടിസി സ്റ്റാൻഡ്
നഗരത്തില്‍ ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, ചിറ്റൂര്‍ റോഡ്, കെഎസ്ആര്‍ടിസി, സൗത്ത് പരിസരം എംജി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ മുട്ടിന് മുകളില്‍ വെള്ളത്തിലാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കേണ്ടിവന്നത്.
തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ ഒരാഴ്ചയായി സ്റ്റാന്‍ഡിനുള്ളിലെ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പിആന്‍ഡി കോളനിയിലെ വീടുകളിലും വെള്ളം കയറി. ഇവിടെ പല വീടുകളും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയായ നിലയിലാണ്.
അരൂര്‍ 17 ാം വാര്‍ഡില്‍ കളപ്പുരക്കല്‍ വീട്ടില്‍ കിച്ചലുവിന്റെ വീട്ടില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ ഇടിമിന്നലിൽ ഗൃഹോപകരണങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി മീറ്ററും വയറിംഗും മറ്റും കത്തി നശിച്ചു.
കനത്ത മഴയില്‍ അരൂര്‍ ഏഴാം വാര്‍ഡില്‍ അഡ്വക്കേറ്റ് സഞ്ജീവ് ഭാസ്കറിന്റെ വീട്ടുമുറ്റത്ത് നിന്ന് തേക്ക് മരം കടപുഴകി റോഡിലേക്ക് വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. അരൂര്‍ ശ്രീനാരായണ നഗറിന് വടക്ക് ഭാഗത്ത് റോഡില്‍ വലിയ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് ഒട്ടേറെ വാഹനങ്ങൾ അപകടത്തില്‍പ്പെട്ടു.
മത്സ്യബന്ധന ബോട്ട് മറിഞ്ഞു
കൊച്ചി താലൂക്കില്‍ ഫോര്‍ട്ട്കൊച്ചിയില്‍ ശക്തമായ മഴയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം ഒടിഞ്ഞു വീണു. ആളപായമില്ല. രാമേശ്വരം വില്ലേജില്‍ സൗദി ഭാഗത്ത് ചെറിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെയും രക്ഷപ്പെടുത്തി. ഇവര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരുടെയും നില ഗുരുതരമല്ല. തോപ്പുംപടി പോസ്റ്റ് ഓഫീസ് റോഡിലും ടി ആന്‍ഡ് ആര് ക്രോസ് റോഡിലും പശ്ചിമകൊച്ചി മുണ്ടംവേലി നേവിനഗര്‍ റോഡിലും വെള്ളക്കെട്ടുണ്ടായി വീടുകളിലേക്ക് വെള്ളം കയറി. രാമേശ്വരം വില്ലേജില്‍ മുണ്ടംവേലി ചെറിയ കാക്രഞ്ചേരി വീട്ടില്‍ പ്രസാദിന്റെ വീടിന്റെ മേല്‍ക്കൂരയിലേക്ക് മരം വീണു വീടിനു ഭാഗികമായി നാശ നഷ്ടമുണ്ടായി.
കളമശേരിയിൽ 150 മില്ലിമീറ്റര്‍ മഴ
കളമശേരി: കളമശേരി ഉള്‍പ്പെടുന്ന കണയന്നൂര്‍ താലൂക്കിലാണ് വ്യാപക മഴക്കെടുതികള്‍ സംഭവിച്ചു. അസാധാരണമാം അതിശക്തമായി പെയ്ത മഴയില്‍ ദേശീയ പാതകളും ബൈപ്പാസും ഇടറോഡുകളുമൊക്കെ വെള്ളത്തിലായി.
ദേശീയപാതയോട് ചേര്‍ന്ന് ഇടപ്പള്ളി ജംഗ്ഷന് മുതല്‍ കണ്ടയ്നര്‍ റോഡ് വരെയും ആലുവ വരെയുള്ള ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നാനൂറിലേറെ വീടുകളില്‍ വെള്ളം കയറി. 150 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ പുലര്‍ച്ചെ കളമശേരിയില്‍ പെയ്തത്.
മൂലേപ്പാടത്ത് മാത്രം ഇരുന്നോളം വീടുകള്‍ വെള്ളത്തിലായി. ഇതില്‍ ഇതര സംസ്ഥാനക്കാരായ നാല് കുടുംബങ്ങളെയും സ്ഥിരം താമസക്കാരായ ഒരു കുടുംബത്തെയും ഉള്‍പ്പെടെ 13 പേരെ കളമശേരി വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്ക്കൂളിലേക്കും രണ്ട് കടുംബത്തെ എച്ച്എംടി ഹൈസ്കൂളിലെ ക്യാമ്പിലേക്കും മാറ്റി.
ഹില്‍വാലി വാര്‍ഡിലെ 40 ശതമാനം വീടുകളിലും വെള്ളം കയറി. നേതാജി നഗര്‍, മാലിപ്പുറം, വി.പി. മരക്കാര്‍ റോഡ്, ഹിദായത്ത് നഗര്‍, മുണ്ടേമ്പാലം, കങ്ങരപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.