ലയണ്‍സ് ക്ലബ് സുവർണ ജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
1424791
Saturday, May 25, 2024 5:11 AM IST
മൂവാറ്റുപുഴ : ലയണ്‍സ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. സുവർണ ജൂബിലി വർഷത്തിൽ 51 ജീവകാരുണ്യ പദ്ധതികളാണ് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പൂർത്തീകരിച്ചത്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ഇന്റർനാഷണൽ മുൻ ഡയറക്ടർ വിജയ് കുമാർ രാജു നിർവഹിച്ചു.
ലയണ്‍സ് ക്ലബ് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ.ആർ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ മുഖ്യ അതിഥിയായിരുന്നു. ലയണ്‍സ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി പദ്ധതി വിശദീകരണം നടത്തി. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, വി.എസ്. ജയേഷ്, രാജേഷ് മാത്യു, തോമസ് മാത്യു, പി.ജി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അർഹരായ കുടുംബങ്ങളെ കണ്ടെത്തി വീടുകൾ നിർമിച്ചു നൽകുന്ന പാർപ്പിടം പദ്ധതിയിൽ 12 വീടുകളാണ് ലയണ്‍സ് ക്ലബ് പൂർത്തീകരിച്ച് നൽകിയത്. രോഗാതുരർ, വിധവകൾ, ആശ്രയമറ്റവർ എന്നീ മുൻഗണനകൾ നൽകി കണ്ടെത്തിയ ഏറെ പരിഗണനാർഹരായവർക്കാണ് ക്ലബ് കൈത്താങ്ങായി മാറിയത്.
മൂവാറ്റുപുഴയിലെ വിവിധ വിദ്യാലയങ്ങളിൽ നിരവധി പദ്ധതികളാണ് ലയണ്‍സ് ക്ലബ് ആവിഷ്കരിച്ച് നടപ്പാക്കിയത്. കുട്ടികളിലെ കാൻസർ ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ഒരു വിദ്യാർഥിക്ക് ആവശ്യമായ പൂർണമായ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് നടത്തി.
ലയണ്‍സ് ക്ലബ് ഇന്റർ നാഷണൽ നടപ്പാക്കുന്ന സൈറ്റ് ഫോർ കിഡ്സ് പദ്ധതി പ്രകാരം നേത്ര വൈകല്യം കണ്ടെത്തിയ 250 വിദ്യാർഥികളിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ 130 വിദ്യാർഥികൾക്ക് കണ്ണടകൾ വിതരണം ചെയ്തു.