വെള്ളക്കെട്ടിന് നടുവില്‍
1424386
Thursday, May 23, 2024 4:48 AM IST
കിഴക്കമ്പലം: വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് കിഴക്കമ്പലം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സോണി ആന്റണി ആവശ്യപ്പെട്ടു. കച്ചവടക്കാർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ അധികാരികൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പെയ്ത കനത്ത മഴയിൽ കിഴക്കമ്പലം ജംഗ്ഷൻ വെള്ളത്തിൽ മുങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. പല വാഹനങ്ങളും വെള്ളം കയറി റോഡിൽ കുടുങ്ങി. കടകളിലും വെള്ളം കയറി. തുണിക്കടകൾ ഉൾപ്പെടെയുള്ള കടകളിൽ വെള്ളം കയറിയത് വലിയ നഷ്ടത്തിന് കാരണമായി.
അശാസ്ത്രീയമായ കാന നിർമാണമാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്ത് റോഡിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ജംഗ്ഷനിലേക്ക് വന്നുചേരുകയാണ്. ഇവിടെ നിർമിച്ച കാനയിലൂടെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഏർപ്പെടുത്താത്തതും വെള്ളക്കെട്ടുണ്ടാക്കി. മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് സൗകര്യം ഒരുക്കാതെ നിർമാണ പ്രവർത്തികൾ നടത്തിയത് സംബന്ധിച്ച് വ്യാപാരികളും ജനങ്ങളും പരാതി അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാൻ അധികാരികൾ തയാറായില്ല.
മരം വീണ് ഗതാഗതം തടസപ്പെട്ടു
കിഴക്കമ്പലം: പീച്ചിങ്ങച്ചിറ - കാണിനാട് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പീച്ചിങ്ങച്ചിറ കയറ്റത്തിന് സമീപം റോഡരികിൽനിന്ന വാകമരം വൈകിട്ട് അഞ്ചോടെയാണ് ശകതമായ മഴയിൽ വൈദ്യുത ലൈനിന്റെ മുകളിലൂടെ റോഡിന് കുറുകെ വീണത്.
പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്ന് മരം മുറിച്ച് നീക്കി. വൈദ്യുത കമ്പികൾ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കി.