കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ യാത്ര അപകടകരം
1424191
Wednesday, May 22, 2024 5:09 AM IST
കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ യാത്ര അപകടം നിറഞ്ഞതായി മാറുന്നു. തിരുവാങ്കുളം മുതൽ മുവാറ്റുപുഴ വരെ ദേശീയപാതയിൽ കാനനിർമാണം നടക്കുന്നതിനാൽ ദേശീയപാതയുടെ പലസ്ഥലത്തും വശങ്ങളിൽ വലിയ കുഴികളാണ്. വേണ്ടത്ര മുന്നയിപ്പ് ബോർഡുകളോ, ഉറപ്പുള്ള തടയണകളോ ഒന്നും തന്നെ ഇവിടെ വച്ചിട്ടുമില്ല. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലെ ചീറി പായുന്നത്.
മഴയെത്തിയതോടെ റോഡിന്റെ വശങ്ങളിൽ കുഴിച്ചിട്ട കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതും യാത്ര കൂടുതൽ അപകടം നിറഞ്ഞതാക്കുന്നു. പണി നടക്കുന്നതിനാൽ നിലവിൽ വേണ്ടത്ര വീതി ഇല്ലാത്തത് ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമാകുന്നു.
അമിതഭാരം കയറ്റിയ വാഹനങ്ങളും നീളം കൂടിയ ട്രെയിലറുകളും വാഹനത്തിൽനിന്ന് പുറത്തേക്ക് ഉന്തി നിൽക്കുന്ന തടി ലോഡുകളുമായി പോകുന്ന വാഹനങ്ങളും അപകടങ്ങൾക്ക് കാരണം കൂട്ടുന്നു. വശങ്ങളിലെ കുഴിയും മഴയും ഡിംലൈറ്റ് ഇടാതെ കടന്നു വരുന്ന വാഹനങ്ങളും മുകളിൽ സൂചിപ്പിച്ച കാരണങ്ങളും കൂടിയാകുന്പോൾ രാത്രി യാത്ര അതീവ അപകടം നിറഞ്ഞതാകുന്നു.
ദിവസങ്ങൾക്ക് മുന്പ് മാമലയിൽ മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്ത് കയറി വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ജീപ്പ് നിർമാണ കുഴിയിൽ വീണ് അതിലെ യാത്രക്കാരി മരിച്ചിരുന്നു.