രഞ്ജിത് ശ്രീനിവാസന് വധക്കേസ്; പ്രതികള്‍ അപ്പീല്‍ നല്കി
1396301
Thursday, February 29, 2024 4:13 AM IST
കൊച്ചി: ബിജെപി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന് വധക്കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ നാലു പേര് ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്കി. ഒന്നു മുതല്‍ നാലു വരെ പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ശരിയായ രീതിയില്‍ വിചാരണ നടത്താതെയും മുന്ധാരണകളോടെയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതെന്നും വിധി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ഹര്‍ജിയില്‍ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ് അയച്ചു.
അതേസമയം, പ്രതികളുടെ വധശിക്ഷ ശരിവയ്ക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നടപടി തുടങ്ങി. വധശിക്ഷയ്ക്ക് വിധിച്ച 15 പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചു. 2021 ഡിസംബര്‍ 19 ന് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ തലേദിവസം രാത്രി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജിത് വധം. കേസിലെ 15 പ്രതികള്‍ക്കും ജനുവരി 30ന് അഡീ. സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.