പട്ടാപ്പകൽ വീട്ടിൽ കവർച്ച
1395871
Tuesday, February 27, 2024 6:24 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നെടുമ്പാശേരി പഞ്ചായത്തിൽ മേയ്ക്കാട് തേൻകുളം ഭാഗത്ത് പട്ടാപ്പകൽ വീട്ടിൽ കവർച്ച. തേൻകുളം റസിഡന്റ്സ് അസോസിയേഷനിലെ 70-ാം നമ്പറിലുള്ള ആലുക്കൽ എ.പി. ജോർജിന്റെ വീട്ടിൽ നിന്നാണ് ഉച്ചയ്ക്ക് മൂന്ന് പവനോളം സ്വർണാഭരണങ്ങളും 25000ത്തിലധികം രൂപയും വാച്ച്, ഷൂസ്, പഴ്സ്, ഇയർ പോഡ് എന്നിവ കളവുപോയത്.
രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെങ്ങമനാട് പോലീസ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് നായ, വിരലടയാള വിദഗ്ധർ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് അലമാരയ്ക്കകത്തും മേശയിലും വച്ചിരുന്ന സാധനങ്ങൾ അപഹരിക്കപ്പെട്ടത്.
പുറത്തിട്ടിരുന്ന ഷൂസും വർക്ക് ഏരിയയിൽ വച്ചിരുന്ന വാക്കത്തിയും നഷ്ടപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12നും മൂന്നിനുമിടയിലുള്ള സമയത്ത് മോഷണം നടന്നതായിട്ടാണ് നിഗമനം.