തേരാതെ മഴ... വീടുകള്‍ക്ക് നാശനഷ്ടം
1339632
Sunday, October 1, 2023 5:36 AM IST
കൊച്ചി: കനത്ത മഴയില്‍ ജില്ലയിലെ വീടുകള്‍ക്ക് നാശനഷ്ടം. എറണാകുളം ബോള്‍ഗാട്ടിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നപ്പോള്‍ പെരുമ്പാവൂരില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഇരു സംഭവങ്ങളിലും ആളപായമില്ല. മൂവാറ്റുപുഴ ഗവ. ടൗണ്‍ സ്കൂള്‍ കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു റോഡിലേക്ക് പതിച്ചു. സമീപത്തുണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ല.
കൊച്ചിയില്‍ നഗരത്തിനുള്ളിലെ വീടുകളില്‍ വെള്ളം കയറിയത് ജനജീവിതത്തെ ബാധിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കാക്കനാട് വില്ലേജ് കീരേലി മല നിവാസികളെ മാറ്റി പാര്‍പ്പിച്ചു. കാക്കനാട് എംഎഎഎം എല്‍പി സ്കൂളിലേക്കാണ് നാലു കുടുംബങ്ങളില്‍ നിന്നായി 13 പേരെ മാറ്റിയത്.
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കണമെന്നും തഹസില്‍ദാര്‍മാർക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
കാക്കനാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഭാരത് മാതാ കോളജിനു സമീപം സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലേക്ക് മരം വീണ് ഗതാഗതം സ്തംഭിച്ചു. പടമുഗളില്‍ ജുമാ മസ്ജിദ് വളപ്പില്‍നിന്ന മരം മറിഞ്ഞുവീണ് കാര്‍ തകര്‍ന്നു.
ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ദേശീയപാതയില്‍ ഗതാഗതക്കുരുക്കിനു കാരണമായി. വെള്ളക്കെട്ടിനെത്തുടർന്ന് കളമശേരി നഗരസഭയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരസഭാ ആരോഗ്യ വിഭാഗം ചെയർമാൻ എ.കെ. നിഷാദിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി വെള്ളക്കെട്ട് ഭാഗികമായി ഒഴിവാക്കാൻ കഴിഞ്ഞു. കാനകളിലേക്ക് വെള്ളം ഒലിച്ചുപോകാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.
കളമശേരി മേഖലയില്‍ മൂലേപ്പാടം, കെപി തങ്കപ്പന് റോഡ്, നീര്ച്ചാല് റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. എലിവേറ്റര്‍ ഹൈവേയുടെ നിര്‍മാണം നടക്കുന്ന അരൂര്‍ മേഖലയില്‍ ചന്തിരൂര്‍ മുതല്‍ അരൂര്‍ വരെയുള്ള പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പ്രദേശത്തുകൂടെയുള്ള വാഹന ഗതാഗതം താറുമാറായി. എറണാകുളം നോര്‍ത്തില്‍ വഴിയിലേക്ക് ചാഞ്ഞു നിന്ന മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി.
ആലുവയില്‍ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കുന്നുംപുറം റോഡിലും പങ്കജം കവലയിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ആലുവ നഗരത്തിലും വ്യാപക ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തീരദേശ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. അതേസമയം കടല്‍ ശാന്തമാണ്. നെടുമ്പാശേരി അത്താണി കവലയ്ക്കു സമീപം റോഡില്‍ വെള്ളം ഉയര്‍ന്നത് ദേശീയപാതയില്‍ വാഹന ഗതാഗതത്തെ ബാധിച്ചു.