53 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1339627
Sunday, October 1, 2023 5:36 AM IST
നെടുമ്പാശേരി: ഷൂസിലും ശരീരത്തിലും ഒളിപ്പിച്ചു കൊണ്ടുവന്ന 53 ലക്ഷം രൂപ വിലയുള്ള സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. നാലു ക്യാപ്സ്യൂളുകളാക്കിയ 1,038 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതം മലദ്വാരത്തിലും, 175 ഗ്രാം തൂക്കം വരുന്ന രണ്ടു സ്വർണ ചെയിനുകൾ ഷൂസിനകത്തുമാണ് ഒളിപ്പിച്ചിരുന്നത്.
ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഷംനാസാണ് പിടിക്കപ്പെട്ടത്. ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച യാത്രക്കാരന്റെ നടത്തത്തിൽ സംശയം തോന്നിയപ്പോഴാണ് വിദഗ്ധ പരിശോധന നടത്തി ഷൂസിനുള്ളിലെ സ്വർണം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച വിവരവും ഇയാൾ സമ്മതിക്കുകയായിരുന്നെന്ന് കസ്റ്റംസ് ഉദ്യാഗസ്ഥർ പറഞ്ഞു.