ദേശീയപാതയിൽ വെള്ളക്കെട്ട്; ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ
1339621
Sunday, October 1, 2023 5:35 AM IST
കളമശേരി: വെള്ളക്കെട്ടിനെത്തുടർന്ന് കളമശേരി നഗരസഭയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇടപ്പള്ളി ടോൾ ഭാഗം, വി.ആർ. തങ്കപ്പൻ റോഡ്, നീർചാൽ റോഡ്, റെയിൽവേ റോഡ്, വി.പി. മരയക്കാർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
ഇടപ്പള്ളി ടോളിൽ ദേശീയ പാതയോട് ചേർന്ന ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. കാനകളിലേക്ക് വെള്ളം ഒലിച്ചുപോകാത്താണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു. വി.പി. മരക്കാർ റോഡിൽ കാനകളിലേക്ക് വെള്ളം വലിഞ്ഞു പോകാൻ ഹോളുകൾ ഉണ്ടാക്കിയതിനാൽ ഇത്തവണ അധിക വെള്ളക്കെട്ട് ഉണ്ടായില്ലെന്ന് കൗൺസിലർ ബിന്ദു മനോഹരൻ പറഞ്ഞു.
മഴ പെയ്താൽ വീടുകൾ വെള്ളത്തിലാകുന്ന താഴ്ന്ന പ്രദേശമാണ് മുലേപ്പാടം. ഇത്തവണയും താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. മൂലേപ്പാടം ബൈലൈൻ റോഡിന്റെയും നവീകരിച്ച കലുങ്കിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് കഴിഞ്ഞ മാസമാണ് നിർവഹിച്ചത്.
ദേശീയപാത അഥോറിറ്റി രണ്ട് കൾവർട്ടും റെയിൽവേ ഒരു കൾവർട്ടും സ്ഥാപിക്കുകയും തോട് വീതി കൂട്ടുകയും ചെയ്താലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയു എന്ന് കൗൺസിലർ നെഷിദ സലാം പറഞ്ഞു.
മഴ: കോട്ടയ്ക്കകത്ത് കടകളിൽ വെള്ളം കയറി
തൃപ്പൂണിത്തുറ: കനത്ത മഴ തുടർച്ചയായി പെയ്തതോടെ തൃപ്പൂണിത്തുറ സ്റ്റാച്ച്യു - കോട്ടയ്ക്കകം റോഡും വെള്ളത്തിലായി. ഇന്നലെ വൈകിട്ടോടെയാണ് റോഡിൽ വെള്ളമുയർന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ നടപ്പാതയുടെ ഒപ്പമെത്തിയ വെള്ളം സമീപത്തെ കടകളിലേക്ക് കയറുന്ന സ്ഥിതിയായി. എരൂർ ആനപ്പറമ്പിനടുത്തുള്ള റോഡും പള്ളിപ്പറമ്പുകാവ് റോഡും മുഴുവനായും വെള്ളക്കെട്ടിലാണ്. സീപോർട്ട്-എയർപോർട്ട് റോഡിൽ ഇരുമ്പനം വിളക്ക് ജംഗ്ഷനു വടക്കുഭാഗത്തും വെള്ളക്കെട്ടുണ്ടായി. ഉദയംപേരൂരിൽ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.