ജെഫ് ജോണ്‍ വധം: കൂടുതല്‍ അറസ്റ്റിന് സാധ്യത
1337459
Friday, September 22, 2023 2:58 AM IST
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ടുപേര്‍ മലയാളികള്‍ അല്ലെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. കൂട്ടാളികളെന്നു സംശയിക്കുന്നവരുമായി ഗോവയിലുള്ള മലയാളികള്‍ക്ക് ബന്ധമുള്ളതായാണ് വിവരം.
ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. ഈ മലയാളികള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. അതിനിടെ ജെഫിനെ ഗോവ അഞ്ജുനയില്വച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
അഞ്ജുനയില്‍ കടല്തീരത്തിനടുത്തുള്ള കുന്നിന് പ്രദേശത്താണ് പ്രതികള്‍ ഇയാളുടെ മൃതദേഹം ഉപേക്ഷിച്ചു കടന്നത്. ഈ സ്ഥലത്ത് പ്രതികളുമായി അന്വേഷക സംഘം തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിനുശേഷം രണ്ടാഴ്ചയ്ക്കകം പോലീസിന് ജെഫിന്റെ അഴുകിത്തുടങ്ങിയ മൃതദേഹം ലഭിച്ചിരുന്നു. തിരിച്ചറിയാത്ത മൃതദേഹമായി കണക്കാക്കിയാണ് പോലീസ് തുടര്‍നടപടി സ്വീകരിച്ചിരുന്നത്. ഈ കേസിനെക്കുറിച്ച് അഞ്ജുന പോലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ജെഫ് നേരത്തെ ടൂര്‍ ഗൈഡായി പ്രവര്‍ത്തിച്ച സ്ഥലങ്ങളും പ്രതി അനില്‍ ഒളിവില്‍ താമസിച്ച ഇടങ്ങള്‍ പോലീസ് തെളിവെടുപ്പ് നടത്തി. ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ചുരുളഴിച്ചത്.
ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായത്.