ആലുവ: ഗതാഗത കുരുക്കനുഭവപ്പെട്ടിരുന്ന എടത്തല കോമ്പാറ ജംഗ്ഷൻ വികസന പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. ജംഗ്ഷനിലേക്ക് വരുന്ന മൂന്നg റോഡുകൾക്ക് വീതി കൂട്ടാനായി അഞ്ച് കോടി രൂപയാണ് 2022-23 ലെ ബഡ്ജറ്റിൽ അനുവദിച്ചിരുന്നത്. ഓഫീസറെ നിയമിച്ചാൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
കൊച്ചിൻ ബാങ്ക് ജംഗ്ഷനിൽനിന്ന് എൻഎഡി റൂട്ടിലേക്ക് വരുമ്പോൾ അടിവാരം മുതൽ കോമ്പാറയിലുള്ള പമ്പ് കഴിഞ്ഞുള്ള വളവുവരെ 350 മീറ്റർ ദൂരത്തിലെ റോഡ് 19.8 മീറ്റർ വീതിയിലും, കുന്നത്തേരിയിലേക്കും, അമീൻ കോളജിലേക്കുള്ള റോഡിന്റെ 150 മീറ്റർ വരെയുള്ള ഭാഗം 15.8 മീറ്റർ വീതിയിലും നിർമിക്കാനാണ് രൂപരേഖ തയറാക്കിയിരിക്കുന്നത്. ഇതാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അംഗീകരിച്ചത്.