മാലിന്യ പ്രശ്നം: പഞ്ചായത്തുവക 2,500 രൂപ പാരിതോഷികം
1482646
Thursday, November 28, 2024 4:09 AM IST
കുമളി: പൊതുസ്ഥലത്തും വിജനമായ പ്രദേശത്തും മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ കുടുക്കുവാൻ കുമളി പഞ്ചായത്ത് ഇനാം പ്രഖ്യാപിച്ചു. മാലിന്യം തള്ളുന്നതിന്റെ ഫോട്ടോ/ വീഡിയോ എടുത്ത് 9446718071 വാട്ട്സാപ്പ് നന്പറിലേക്ക് അയച്ചാൽ അവർക്ക് 2,500 ലഭിക്കും. പഞ്ചായത്തിൽ റോഡരികിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പുതിയ പരിപാടി പഞ്ചായത്ത് ആവിഷ്കരിച്ചത്. കുമളി ടൗണിൽ പോലും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
കൊളുത്തുപാലത്തിന് സമീപം കഐസ്ആർടിസി ഡിപ്പോയിലേക്കുള്ള റോഡരികിൽ മാലിന്യം തള്ളുന്നത് കുറ്റകരമാണെന്ന് കാട്ടി പഞ്ചായത്ത് സ്ഥാപിച്ച ബോർഡിന് കീഴലായി കഴിഞ്ഞ ദിവസം മാലിന്യം തള്ളി. പഞ്ചായത്തിന്റെ ബോർഡിന് സമീപത്തായി കണ്ടെയ്നർ ടോയ്ലറ്റുണ്ട്.
ഇവിടം മോടി പിടിപ്പിക്കാൻ ചെടികൾ നട്ട് പൂന്തോട്ടവും പഞ്ചായത്ത് ഒരുക്കിയിരുന്നു. ബോർഡിൽ മാലിന്യം തള്ളുന്നവരുടെ ഫോട്ടോകൾ അയക്കേണ്ട ഫോണ് നന്പറും പിഴ ചുമത്തുമെന്ന അറിയിപ്പും വെണ്ടക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ട്.
ഇവിടെയാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്. കൊളുത്തുപാലം തോട്ടിലും മാലിന്യം തള്ളുന്നുണ്ടെന്നും ജല സ്ത്രോതസുകൾ പോലും മലീമസമാക്കുന്ന പ്രവർത്തികൾക്ക് മൂന്നുവർഷം തടവും മൂന്ന് ലക്ഷം വരെ പിഴയും ചുമത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.