പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ജനപ്രതിനിധികളും ജനങ്ങളും കൈകോര്‍ക്കുന്നു
1482342
Wednesday, November 27, 2024 3:49 AM IST
നെടുങ്കണ്ടം: ജില്ലയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും കൈകോര്‍ത്ത് ജനകീയമായി മഴയുടെ അളവ് ശേഖരിക്കാന്‍ തീരുമാനം. മഴ അളവെടുപ്പും ശാസ്ത്രീയ പഠനങ്ങളും വഴി മണ്ണിടിച്ചിലും പ്രളയവും സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനാകുമെന്ന വിലയിരുത്തലാണ് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെയും സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടേയും നേതൃത്വത്തില്‍ നെടുങ്കണ്ടത്തു നടന്ന സെമിനാറില്‍ ഉണ്ടായത്.
സ്വരുമ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിലവില്‍ നൂറോളം മഴമാപിനികളില്‍ അളവ് ശേഖരിക്കുന്നുണ്ട്. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശാസ്ത്രീയമായി അപഗ്രഥിക്കാനുമാണ് തീരുമാനം. കാലാവസ്ഥ വ്യതിയാനം, അതിതീവ്രമഴ, മണ്ണിടിച്ചില്‍ എന്നിവയും സെമിനാറില്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാന ദുരന്തനിവാരണ അഥോററ്റി വിദഗ്ധ അംഗവും കില മുന്‍ ഡയറക്ടറുമായ ഡോ. ജോയി ഇളമണ്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധ്യാപകനും അഡ്വാന്‍സ്ഡ് സെന്റർ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് സെന്റർ ശാസ്ത്രജ്ഞനുമായ ഡോ. അജില്‍ കോട്ടായില്‍, വയനാട് ഹ്യൂം സെന്റർ ഫോര്‍ ഇക്കോളജി ആൻഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, കോട്ടയം മീനച്ചില്‍ റിവര്‍ ആൻഡ് റെയിന്‍ മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ എബി ഇമ്മാനുവല്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ചെയര്മാന് സ്റ്റെനി പോത്തന് നെടുമ്പുറം അധ്യക്ഷത വഹിച്ചു. എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം രാരിച്ചന്‍ നീറണാകുന്നേല്‍, കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് സെക്രട്ടറി പി.ആര്. സന്തോഷ്, ജില്ലാ ദുരന്തനിവാരണ അഥോററ്റി ഹസാര്‍ഡ് അനലിസ്റ്റ് ടി.ആര്. രാജീവ്,
ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്മാന് രാജീവ് ജോര്‍ജ്, ലയണ്‍സ് ക്ലബ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ജോസഫ് പുതുമന, ഇടുക്കി റെയിന്‍ സിറ്റിസണ്‍ മോണിറ്ററിംഗ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ സക്കറിയ ഞാവള്ളില്‍, സ്വരുമ ഭാരവാഹികളായ കെ.സി. സെബാസ്റ്റ്യന്‍, ബിനു തോമസ്, വി.ജെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.