മതനിരപേക്ഷതയെ വ്യാഖ്യാനിക്കാൻ കോൺഗ്രസിന് അവകാശമില്ല; എം.വി. ഗോവിന്ദൻ
1482644
Thursday, November 28, 2024 4:09 AM IST
കരിമണ്ണൂർ/തൊടുപുഴ: മതനിരപേക്ഷത ഉള്ളടക്കത്തെ ഇനിയൊരക്ഷരം കൊണ്ടുപോലും വ്യാഖ്യാനിക്കാനുള്ള അവകാശം കോൺഗ്രസിനിലെന്ന് സിപിഐ -എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തൊടുപുഴ കരിമണ്ണൂരിൽ കെ.എസ്. കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം, കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം (പാർട്ടി കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ്) ഉദ്ഘാടനം, ഏരിയാ സമ്മേളനങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗും എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ഗുണഭോക്തവായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് 18-ാം ലോക്സഭാ തെരഞ്ഞെടുപ്പോടെ നമുക്ക് മനസിലയതാണ്. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയാണ് പാലക്കാട് കോൺഗ്രസ് ജയിച്ചത്.
ബിജെപിയുടെ 14,500 വോട്ട് കുറഞ്ഞിട്ടുണ്ട്. കോൺഗ്രസും ബിജെപിയുമാണ് ഉത്തരം പറയേണ്ടത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ചേർന്ന് ഇടതുപക്ഷ വിരുദ്ധനിലപാട് സ്വീകരിച്ച് ഒരു മഴവിൽ സഖ്യത്തിന്റെ ഭാഗമായാണ് പാലക്കാട് കോൺഗ്രസ് മത്സരിച്ചത്.
യു.ആർ. പ്രദീപ് മണ്ഡലം നിലനിർത്തിയത് ഇടതുപക്ഷ പ്രസ്ഥാനത്തിന് എതിരേ നടത്തിയ പ്രചാരവേലകളെ ശക്തിയായി പ്രതിരോധിക്കുന്നതായി.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മതനിരപേക്ഷ ഉള്ളടക്കം ഉള്ളവരും ഗൗരവപൂർവം കാണേണ്ടത് വർഗീയമായി ഏകീകരിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തുന്നു എന്നുള്ളതാണ്. ഇതിനെ അതിശക്തിയായി ചെറുക്കും.
2025 നവംബർ ആകുമ്പോൾ ഇന്ത്യയിൽ അതിദരിദ്രരല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. കോൺഗ്രസിനെ മുൻനിർത്തി ബിജെപിയെ തോൽപ്പിക്കാനാവില്ല. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയെ നേരിടാൻ അവർക്കാനുന്നില്ല. ജനാധിപത്യ മൂല്യങ്ങളെ തകർത്ത് ഫാസിസത്തിലേക്കാണ് ബിജെപി സർക്കാർ രാജ്യത്തെ നയിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയ്ക്ക് വിധേയമായ ഒരു ഭരണഘടന വേണമെന്നാണ് ബിജെപിയും ആർഎസ്എസും പറയുന്നത്. ഇത് അശ്ലീലമാണ് അദ്ദേഹം പറഞ്ഞു.