ബാന്റ് മേളത്തിൽ ഒരേയൊരു കൂന്പൻപാറ
1482617
Thursday, November 28, 2024 3:57 AM IST
കഞ്ഞിക്കുഴി: റവന്യു ജില്ലാ കലോത്സവത്തിൽ ബാന്റ് മേളം മത്സരം കൂന്പൻപാറ ഫാത്തിമ മാതാ ഹൈസ്കൂളിന്റെ മാത്രം പങ്കാളിത്തത്തിലൊതുങ്ങി. മുൻ വർഷങ്ങളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി കൂടുതൽ ടീമുകൾ പങ്കെടുത്തപ്പോഴാണ് ഇത്തവണ മത്സരം ശുഷ്കമായത്.
ദേശഭക്തിഗാനങ്ങളും ദേശീയത തുളുന്പുന്ന സിനിമാഗാനങ്ങളുമാണ് ഹൈസ്കൂൾ വിഭാഗത്തിൽ കൂന്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹൈസ്കൂൾ അവതരിപ്പിച്ചത്. വിവിധ ഫോർമേഷനുകളിലും സംഘം മികവ് പുലർത്തി. രണ്ട് ചെറുസംഘങ്ങളായി തിരിഞ്ഞ് ഒരു ബിറ്റ് ഇടവേളയിൽ അവതരിപ്പിച്ച എക്കോ മ്യൂസിക്കും ശ്രദ്ധേയമായി.
എ ഗ്രേഡോടെയാണ് ഫാത്തിമ മാതാ ബാന്റ് സംഘം സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്. രണ്ടാം തവണയാണ് സ്കൂൾ ബാന്റ്മേളത്തിൽ ഒന്നാംസ്ഥാനം നേടുന്നത്.
ഏഴുമാസമായി തുടരുന്ന നിരന്തര പരിശീലനമാണ് ഇവരെ വിജയത്തിലെത്തിച്ചത്. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കാണക്കാരി സ്വദേശി സി.ജെ. ജോസഫാണ് ഇവർക്ക് ചിട്ടയായ പരിശീലനം നൽകിയത്.
വൻ ചെലവും കുട്ടികൾക്ക് ചിട്ടയായ പരിശീലനം വേണമെന്നതുമാണ് പല വിദ്യാലയങ്ങളെയും മത്സരത്തിൽനിന്നു പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഒരു ബാന്റ് സംഘത്തെ പരിശീലനം നടത്തി മത്സരത്തിനയയ്ക്കാൻ എട്ടു ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് സ്കൂളധികൃതർ പറഞ്ഞു.