ക്രിസ്മസ് കാലം വരവായി; കടകളിൽ നക്ഷത്രത്തിളക്കം
1482309
Tuesday, November 26, 2024 7:53 AM IST
തൊടുപുഴ: ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ച് കടകളിൽ നക്ഷത്ര വിളക്കുകളുടെ വർണത്തിളക്കം. പലവിധ വർണങ്ങളിലും ഡിസൈനുകളിലും രൂപങ്ങളിലുമാണ് ക്രിസ്മസ് വിപണികളിൽ നക്ഷത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിരന്നിരിക്കുന്നത്.
ക്രിസ്മസ് ഉത്പന്നങ്ങൾക്കു മാത്രമായി കടകളിൽ ക്രിസ്മസ് കോർണറുകളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് എത്താൻ ഒരു മാസത്തോളമുണ്ടെങ്കിലും ഇപ്പോൾത്തന്നെ വിപണികൾ സജീവമായിത്തുടങ്ങി. വൈവിധ്യമാർന്ന നക്ഷത്രങ്ങളും മാല ബൾബുകളും അലങ്കാരങ്ങളും പുൽക്കൂടുകളും ട്രീകളുമാണ് ഇത്തവണ ക്രിസ്മസ് വിപണിയിലെ ആകർഷണം.
എൽഇഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. എൽഇഡി നക്ഷത്രങ്ങൾക്കു 100 മുതൽ 1200 രൂപ വരെയാണ് വില. 1,000 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ കടകളിൽ എത്തിയിട്ടുണ്ട്. വിദേശത്ത് ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് പേപ്പർ നക്ഷത്രങ്ങളോടാണ് താത്പര്യമെന്ന് കച്ചവടക്കാർ പറയുന്നു.
നക്ഷത്ര ക്രിസ്മസ് രാവുകളെ വർണാഭമാക്കുന്ന എൽഇഡി മാല ബൾബുകൾ 125 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയും ഊന്നുവടിയുമെല്ലാം കടകളിൽ എത്തിക്കഴിഞ്ഞു. ചൂരലിൽ തീർത്ത പുൽക്കൂടുകളാണ് മറ്റൊരു ആകർഷണം. 800 രൂപ മുതലാണ് വില. റെഡിമെയ്ഡ് പുൽക്കൂടുകളും തയാർ. പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള രൂപങ്ങളുടെ സെറ്റുകൾ 250 രൂപ മുതൽ ആയിരങ്ങൾ വില വരുന്നവയുണ്ട്.
രണ്ട് അടി മുതൽ 12 അടി വരെ ഉയരമുള്ള വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകൾ വിൽപനയ്ക്കുണ്ട്. ആദ്യമായി വിപണിയിലെത്തിയ ത്രെഡ് വർക്കിലുള്ള 30,000 രൂപവരെ വിലയുള്ള ക്രിസ്മസ് ട്രീകൾ ഇത്തവണ വിപണിയിലുണ്ട്. വിവിധ അലങ്കാര വസ്തുക്കളും ക്രിസ്മസ് കാർഡുകളും കുഞ്ഞ് സാന്താക്ലോസുമെല്ലാം കടകളിൽ നിരന്നുകഴിഞ്ഞു. ഡിസംബർ ആദ്യ വാരത്തോടെ ജില്ലയിലെന്പാടും ക്രിസ്മസ് വിപണികൾ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.