കോണ്ഗ്രസ് സമരം പ്രഹസനം: കേരള കോണ്ഗ്രസ്-എം
1482639
Thursday, November 28, 2024 4:09 AM IST
വണ്ണപ്പുറം: കുടിയേറ്റ കർഷകന്റെ ഭൂമിക്ക് പട്ടയം വൈകിപ്പിക്കുന്നതും വനംവകുപ്പിന്റെ നിലപാട് മൂലം കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതൃത്വം മുണ്ടൻമുടിയിൽ നടത്തിയ സമരപ്രഖ്യാപനവും വാഹനജാഥയും പ്രഹസനമായി മാറിയെന്ന് കേരളകോണ്ഗ്രസ്-എം വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കുടിയേറ്റ കർഷകർക്ക് ദ്രോഹം ചെയ്യുന്ന 1980-ലെ വനനിയമം കൊണ്ടുവന്നത് കോണ്ഗ്രസ് നേതൃത്വം നൽകുന്ന സർക്കാരാണ്. കുടിയേറ്റ കർഷകന്റെ ഭൂപ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സർക്കാർ 1960-ലെയും 64-ലെയും നിയമത്തിൽ 2023-ൽ കൊണ്ടുവന്ന ഭേദഗതി ബില്ല് വലിച്ചുകീറി കത്തിച്ച യുഡിഎഫ് നേതൃത്വത്തിന്റെ നടപടി കർഷകവിരുദ്ധ നിലപാടിന് ഉദാഹരണമാണ്.
1980-ലെ വനനിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയിൽ 1996 ഡിസംബർ 12നു മുന്പ് സർക്കാർ ഉത്തരവിലൂടെ വനേതര ആവശ്യങ്ങൾക്ക് നീക്കിവച്ച ഭൂമിക്കു മാത്രമാണ് ഭേദഗതിയുടെ ആനുകൂല്യം കിട്ടുകയുള്ളൂവെന്ന യാഥാർഥ്യം കോണ്ഗ്രസ് നേതൃത്വം തിരിച്ചറിയണം.
ഇടുക്കിയിൽ ഉൾപ്പെടെ 19 എംപിമാരുള്ള യുഡിഎഫ് നേതൃത്വം കാലാവധി അവസാനിച്ച ഓഗസ്റ്റ് 31നു ശേഷമാണ് സമരപ്രഖ്യാപനവുമായി വന്നതെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോണ്ഗ്രസ്-എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് മനോജ് മാമല അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയകാര്യ സമിതിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, വണ്ണപ്പുറം പഞ്ചായത്തംഗം പി.ജി. സുരേന്ദ്രൻ, പി.ജി. ജോയി, സെബാസ്റ്റ്യൻ ആടുകുഴി, ജോണ് കാലായിൽ, ജോണി മുണ്ടയ്ക്കൽ, ബിജു ഇല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.