മലയേറിയെത്തി കലാകൗമാരം
1482616
Thursday, November 28, 2024 3:57 AM IST
കഞ്ഞിക്കുഴി: മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിൽ ആദ്യമായി കൗമാര കലാ മാമാങ്കം എത്തിയപ്പോൾ ആഘോഷമാക്കി മാറ്റി നാട്ടുകാർ. കലോത്സവ വേദികളിലെത്തിയ വലിയ ജനപങ്കാളിത്തം തന്നെ ഇത് വെളിവാക്കുന്നതായി. കലോത്സവത്തിന്റെ ആവേശം നാടെങ്ങും എത്തിക്കുന്നതിനായി കഞ്ഞിക്കുഴി ടൗണിനു പുറമേ വിവിധ മേഖലകളിൽ ബോർഡുകളും ബാനറുകളും ജനപങ്കാളിത്തത്തോടെ സംഘാടകർ സ്ഥാപിച്ചിരുന്നു.
എല്ലാ വർഷവും തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം പോലെ ടൗണുകളുമായി ബന്ധപ്പെട്ടാണ് റവന്യു ജില്ലാ കലോത്സവങ്ങൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായാണ് കർഷക ഗ്രാമപ്രദേശമായ കഞ്ഞിക്കുഴിയിൽ കലോത്സവം സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഗ്രാമീണ മേഖലയെന്ന പരിമിതികൾ വെല്ലുവിളി ഉയർത്തിയെങ്കിലും കലോത്സവം ഇവിടെ നടത്താൻ തീരുമാനിച്ചതോടെ ഉറച്ച പിന്തുണയുമായി പഞ്ചായത്തും ഭരണ സമിതിയും സ്കൂൾ മാനേജ്മെന്റും നാട്ടുകാരും രംഗത്തെത്തി.
ഇതോടെ തങ്ങളുടെ നാട്ടിലെത്തിയ കൗമാരകലോത്സവം വിജയിപ്പിക്കാൻ എല്ലാവരും ഒന്നാകെ മുന്നിട്ടിറങ്ങുകയായിരുന്നു. മേളനഗരിയിൽ വിവിധ കച്ചവട സ്റ്റാളുകളും മറ്റും നിരന്നതോടെ കലോത്സവത്തിന് ഉത്സവ പ്രതീതിയാകുകയും ചെയ്തു.
ആദ്യദിനം കട്ടപ്പനയുടെ മുന്നേറ്റം
കഞ്ഞിക്കുഴി: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം പിന്നിട്ടപ്പോൾ കപ്പിനായി കടുത്ത മൽസരം. 43 മത്സരങ്ങൾ പൂർത്തിയാപ്പോൾ 161 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് മുന്നിൽ. 155 പോയിന്റുമായി തൊടുപുഴ ഉപജില്ല തൊട്ടുപിന്നിലുണ്ട്.
117 പോയിന്റുമായി അടിമാലി ഉപജില്ല മൂന്നാം സ്ഥാനത്ത് തുടരുന്പോൾ 110 പോയിന്റുമായി പീരുമേട് നാലാം സ്ഥാനത്താണ്. നെടുങ്കണ്ടം- 96, അറക്കുളം- 92, മൂന്നാർ- 21 പോയിന്റുകളും നേടി.
സ്കൂൾ തലത്തിൽ യുപി വിഭാഗത്തിൽ അഞ്ചു സ്കൂളുകൾ ഒന്നാംസ്ഥാനം പങ്കിടുന്നു.
ജിടിഎച്ച്എസ്കട്ടപ്പന, എസ്ജെഇഎംഎച്ച്എസ് വണ്ടിപ്പെരിയാർ, എസ്ജിയുപി സ്കൂൾ മൂലമറ്റം, ജിഎച്ച്എസ് അണക്കര, കെഇയുപി സ്കൂൾ പുളിയൻമല എന്നീ സ്കൂളുകളാണ് 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓസാനം ഇഎംഎച്ച്എസ് കട്ടപ്പന 28 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 23 പോയിന്റുമായി എംകെഎൻഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സെന്റ് തോമസ് ഇഎംഎച്ച്എസ്എസ് അട്ടപ്പള്ളം 23 പോയിന്റുമായി ഒന്നാമതാണ്. അറക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ 21 പോയിന്റുമായി രണ്ടാം സ്ഥാനത്തും എസ്ജിഎച്ച്എസ്എസ് കട്ടപ്പന, എസ്ജെഎച്ച്എസ്എസ് വെള്ളയാംകുടി എന്നിവർ 20 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
മത്സരം വൈകി: പ്രതിഷേധം ഉയർന്നു
കഞ്ഞിക്കുഴി: മോണോ ആക്ട് മത്സരം തുടങ്ങാൻ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഒന്നാം നന്പർ വേദിയിൽ മത്സരം തുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതനുസരിച്ച് രാവിലെ തന്നെ മത്സരാർഥികൾ വേദിയിലെത്തി. എന്നാൽ ഏറെ നേരത്തിന് ശേഷം സംഘാടകരെത്തി അസൗകര്യം മൂലം മത്സരം ഇവിടെനിന്ന് അഞ്ചാം നന്പർ വേദിയായ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിയെന്ന് അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കുമെന്നും ഉറപ്പ് നൽകി. ഇതനുസരിച്ച് ഭക്ഷണം പോലും കഴിക്കാതെ മത്സരാർഥികളും ഒപ്പമെത്തിയ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുളളവർ പാരിഷ് ഹാളിലെത്തി കാത്തിരുന്നു.
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മത്സരം ആരംഭിച്ചില്ല. ഇതോടെ വിദ്യാർഥികളിൽ പലരും തളർന്നു. കുട്ടികളിൽ പലരും ദൂരെ സ്ഥലത്തിൽനിന്നു വന്നവരായതിനാൽ അവർക്ക് മടക്കയാത്രയും പ്രതിസന്ധിയായി. മത്സരം തുടങ്ങാത്തതിനെത്തുടർന്ന് രക്ഷിതാക്കളും കാണികളും ഉൾപ്പെടെ പ്രതിഷേധിക്കാനും ബഹളം വയ്ക്കാനും തുടങ്ങി.
ഇതിനിടെ ചിലർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിവരം ധരിപ്പിച്ചു. എന്നാൽ മത്സരം വൈകാനുണ്ടായ കാരണം ഡിഡിക്കും വ്യക്തമാക്കാനായില്ല. തുടർന്ന് ആറരയോടെയാണ് മത്സരം തുടങ്ങിയത്.