ഗോവ ചലച്ചിത്രമേളയിലെ പതിവ് സാന്നിധ്യമായി മരിയൻ കോളജിലെ വിദ്യാർഥികൾ
1482344
Wednesday, November 27, 2024 3:49 AM IST
പീരുമേട്: ഗോവയിൽ നടക്കുന്ന 55-മത്തെ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്ഐ)യിൽ കുട്ടിക്കാനം മരിയൻ കോളജിലെ മാധ്യമ പഠന വിദ്യാർത്ഥികളും അധ്യാപകരും ഈ വർഷവും പങ്കെടുത്തു.
ചലച്ചിത്രങ്ങൾ കണ്ട് ആസ്വദിക്കുക മാത്രമല്ല അവയെ വിമർശനാത്മകമായി വിശകലനം നടത്താനും നിരൂപണം ചെയ്യാനുമുള്ള പരിശീലനക്കളരികൂടിയാണ് ഇത്തരം മേളകളെന്ന് വിദ്യാർഥികളെ അനുഗമിക്കുന്ന അധ്യാപകരായ ആൻസൻ തോമസും കാർമൽ മരിയ ജോസും പറഞ്ഞു.
മേളയുടെ ഭാഗമായി നടക്കുന്ന ഓപ്പണ്‍ ഫോറത്തിലും മാസ്റ്റർ ക്ലാസുകളിലും വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഫിലിം ക്യൂറേഷൻ എന്ന കോഴ്സിന്റെ ഭാഗമായി ഇവർ ഗോവയിലും തിരുവനന്തപുരത്തും നടക്കുന്ന അന്തർദേശീയ ചലച്ചിത്രമേളകളിൽ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്.
ലോക സിനിമയിലെ പുതിയ ആഖ്യാനരീതികൾ കണ്ടുപഠിക്കാനും ചലച്ചിത്രകാരന്മാരുമായി സംവദിക്കാനും വീഡിയോ റിപ്പോർട്ടുകൾ തയാറാക്കാനും ചലച്ചിത്രമേള ഉപകാരപ്പെടുന്നുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
കോളജിൽ എല്ലാവർഷവും നടത്തിവരുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനത്തിലൂടെ നേടിയെടുത്ത അനുഭവം ഗോവയിലെ മേളയിൽ ക്രിയാത്മക സാന്നിധ്യമാകാൻ സഹായകമാകുന്നുണ്ട്.
ഫലാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് മാധ്യമ വിദ്യാർഥികളെ ചലച്ചിത്രമേളകൾക്ക് അയയ്ക്കുന്നത്. തിരുവനന്തപുരത്ത് ഡിസംബർ 13 മുതൽ നടക്കുന്ന ഐഎഫ്എഫ്കെയിലും മരിയനിലെ മാധ്യമ പഠന വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു.