വായ്പാ കുടിശികയുടെ പേരിൽ കുടുംബത്തെ ഇറക്കിവിടാൻ ശ്രമം
1482357
Wednesday, November 27, 2024 4:04 AM IST
തൊടുപുഴ: വായ്പാ കുടിശികയുടെ പേരിൽ കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബത്തെ ഇറക്കിവിടാൻ ബാങ്ക് അധികൃതരുടെ ശ്രമം. വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് ഇവർ പറഞ്ഞതോടെ ഇവരെ വീടിനുള്ളിലാക്കി പൂട്ടാനും ശ്രമിച്ചതായി പരാതിയുയർന്നു. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ജപ്തി നടപടി താത്കാലികമായി മാറ്റിവച്ചതായി അറിയിച്ച് അധികൃതർ തിരികെ പ്പോയി.
പഴുക്കാക്കുളം കാഞ്ഞിരംപാറ താന്നിക്കൽ രജീഷ് ഗോപിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴ സെൻട്രൽ ബാങ്ക് അധികൃതർ ജപ്തിക്കായി എത്തിയത്. 2015ൽ രജീഷും സഹോദരൻ രമേഷും ചേർന്ന് ബിസിനസ് ആവശ്യത്തിനായി ഇവരുടെ പേരിലുള്ള അഞ്ചു സെന്റ് സ്ഥലം ഈടുവച്ച് ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുറേ തിരികെ അടച്ചതായി ഇവർ പറയുന്നു.
ഇതിനിടെ രജീഷിന്റെ ഭാര്യയുടെ പേരിൽ ബാങ്കിന്റെ അനുമതിയോടെ ലൈഫ് പദ്ധതിയിൽപ്പെടുത്തി ഇതേസ്ഥലത്ത് വീടുംവച്ചു. ഇവിടെയാണ് ഇന്നലെ ബാങ്ക് അധികൃതർ പൊലീസ് സന്നാഹത്തോടെ ജപ്തിക്കായി എത്തിയത്.
ഇപ്പോൾ 14.5 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഈ സമയം വീട്ടിൽ രജീഷിന്റെ അമ്മയും ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്. പോലീസും ബാങ്ക് അധികൃതരും എത്തിയതോടെ നാട്ടുകാരും സ്ഥലത്തെത്തി. ഇവരെ വീട്ടിൽനിന്ന് ഇറക്കി വിടരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
രജീഷും സഹോദരൻ രമേഷും ഇവരുടെ പിതാവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിനിടെ വീടു പൂട്ടാൻ മരപ്പണിക്കാരെ വിളിച്ചെങ്കിലും ആദ്യം വന്നവർ പിൻവാങ്ങി. പിന്നീട് വേറെ ആളെ വിളിച്ചുകൊണ്ടുവന്നെങ്കിലും പൂട്ടാതെ അടുത്തമാസം 11നകം വായ്പ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ തിരികെപ്പോയി.