മാവടിയെ വരിഞ്ഞുമുറുക്കി വടംവലി മത്സരം
1482313
Tuesday, November 26, 2024 7:53 AM IST
നെടുങ്കണ്ടം: മലനാടിന്റെ ആവേശമായി മാവടിയില്‍ അഖിലകേരള വടംവലി ടൂര്‍ണമെന്റ്. 450 കിലോ വിഭാഗത്തില്‍ എട്ട് ജില്ലകളില്‍നിന്നുള്ള 44 ടീമുകളാണ് മാവടിയില്‍ തീപാറുന്ന മത്സരം കാഴ്ചവച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാവടി സെന്റ് തോമസ് വടംവലി ടീമിന്റെ നേതൃത്വത്തില്‍ ഒന്നാമത് അഖില കേരള വടംവലി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
മാവടി സെന്റ് തോമസ് പള്ളി മൈതാനിയില്‍നടന്ന മത്സരത്തില്‍ എറണാകുളം പ്രളയക്കാട് പ്രതിഭ ടീം ഒന്നാം സ്ഥാനവും പാലക്കാട് കാറല്‍മണ്ണ കെവിസി ടീം രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 25,001 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ഒരു മുട്ടനാടിനെയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,001 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ഒരു പൂവന്‍കോഴിയെയും നല്കി. കൂടാതെ 15,001, 10,001, 6,001, 3,001 എന്നിങ്ങനെ 16 വരെ സ്ഥാനക്കാര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്കി.
10 അംഗങ്ങള്‍ വീതമുള്ള രണ്ട് കുട്ടി ടീമുകളുടെ വടംവലിയോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി. സ്കറിയ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ഫാ. ജോസഫ് ചുനയമ്മാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തോമസ് തെക്കേല്‍, ബെന്നി ജോസഫ്, അഭിലാഷ് കാരിമറ്റത്തില്‍, അജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 42 വര്‍ഷമായി വടംവലി കോര്‍ട്ടില്‍ സജീവമായ ജോസ് ഇലിപ്പുലിക്കാട്ടിനെ യോഗത്തില്‍ ആദരിച്ചു.
മത്സരങ്ങള്‍ കേരള ടഗ് ഓഫ് വാര് മെംബേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റിയാണ് നിയന്ത്രിച്ചത്. മത്സരങ്ങള്‍ കാണുന്നതിനായി മാവടിയില്നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്.
കരുതലായി മാവടിക്കാര്
നെടുങ്കണ്ടം: മാവടിയില്‍ നടന്ന അഖിലകേരളാ വടംവലി ടൂര്‍ണമെന്റിന്റെ ഭാഗമായി തയാറാക്കിയ സമ്മാനക്കൂപ്പണുകളില്നിന്ന് ലഭിച്ച വരുമാനം നെടുങ്കണ്ടം സ്വരുമാ ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറി. മൂന്ന് ലക്ഷം രൂപയാണ് സമ്മാനക്കൂപ്പണ്‍ വിറ്റതിലൂടെ ടൂര്‍ണമെന്റ് കമ്മിറ്റിക്ക് ലഭിച്ചത്.
ഇതില്‍നിന്ന് 50,000 രൂപയാണ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്‍കിയത്. നെടുങ്കണ്ടത്ത് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വരുമ. സമൂഹത്തിലെ നിരാലംബരെയും കിടപ്പുരോഗികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ഇവര്‍ക്ക് പണം കൈമാറിയത്.