മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവേ ആരംഭിച്ചു
1482314
Tuesday, November 26, 2024 7:53 AM IST
കട്ടപ്പന: കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് സർവേ ഓഫ് ഇന്ത്യക്കുവേണ്ടിയുള്ള ഡ്രോൺ സർവേ തുടങ്ങി. 120 മീറ്റർ ഉയരത്തിൽ ഒരു കിലോമീറ്റർ ആകാശ വിസ്തൃതിയിലാണ് ഡ്രോൺ സർവേ. ജില്ലയിൽ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ് സർവേ ആരംഭിച്ചത്.
സർവേ ഓഫ് ഇന്ത്യക്കുവേണ്ടി ഡൽഹി ആസ്ഥാനമായ സപ്തർഷി എന്ന കമ്പനിക്കാണ് സർവേയുടെ ചുമതല. സർവേയുടെ അടിസ്ഥാനത്തിൽ ആദ്യഘട്ട മാപ്പ് തയാറാക്കുമെന്ന് സർവേയ്ക്ക് മേൽനോട്ടം വഹിക്കുന്ന ജില്ലാ ടൗൺ പ്ലാനർ മുഹമ്മദ് മുസ്തഫ അറിയിച്ചു.
നഗരസഭയുടെ നിലവിലുള്ള സ്ഥിതി വിവരങ്ങൾ രേഖപ്പെടുത്തുന്നതോടൊപ്പം വരുന്ന 20 വർഷത്തെ മുന്നിൽക്കണ്ട് നടപ്പാക്കേണ്ട വികസന പദ്ധതികൾ ഉൾക്കൊണ്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കുക. നഗരസഭയുടെ അതിർത്തി പഞ്ചായത്തുകളുടെ ഭാഗങ്ങളിലും സർവേ ഡ്രോൺ പറത്തും. ഒരു മാസം കൊണ്ട് ജില്ലയിലെ രണ്ടു നഗരസഭകളിലെയും സർവേ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.