പഞ്ചാ. പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നു: സിപിഎം സമ്മേളനങ്ങളിൽ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നു
1482642
Thursday, November 28, 2024 4:09 AM IST
നെടുങ്കണ്ടം: പഞ്ചായത്തുകളിലെ താത്കാലിക ജീവനക്കാരെ സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതുമൂലം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നതായി കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ദിവസവേതന അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ള അസി. എൻജിനിയർമാര്‍, ഓവര്‍സീയര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ യൂണിഫോമുകള്‍ നല്കി റെഡ് വാളണ്ടിയര്‍ പരേഡിനും സമ്മേളനങ്ങള്‍ക്കും പങ്കെടുപ്പിക്കുകയാണ്.
പഞ്ചായത്ത് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് കരാര്‍ ജീവനക്കാരെ നിയമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രോജക്ടുകള്‍ തയാറാക്കുക, എസ്റ്റിമേറ്റ് എടുക്കുക, വേതനം വിതരണം ചെയ്യുക, പൂര്‍ത്തിയായ പണികളുടെ മെഷര്‍മെന്റ് എടുക്കുക എന്നിവയ്ക്ക് ഇവരുടെ മുഴുവന്‍ സമയ സേവനം ആവശ്യമാണ്.
എന്നാല്‍, സിപിഎം പാര്‍ട്ടി സമ്മേളനകാലമായപ്പോഴേക്കും താത്കാലിക ജീവനക്കാര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ കയറാന്‍ വല്ലപ്പോഴും മാത്രമേ അവസരം കിട്ടുന്നുള്ളു. ഇവരെ ഭീഷണിപ്പെടുത്തി ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്. വിമുഖത കാണിക്കുന്നവരെ ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നാണ് ഭീഷണി.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിലും മറ്റു ദൈനംദിന പ്രവര്ത്തനങ്ങളിലുമുണ്ടാകുന്ന നിശ്ചലാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പാമ്പാടുംപാറ പഞ്ചായത്തില്‍ പാര്‍ട്ടി താത്പര്യപ്രകാരമാണ് താത്കാലിക ജീവനക്കാരെ നിയമിച്ചതെന്ന പരാതി ഉള്ളതാണ്.
താത്കാലിക ജീവനക്കാരെ എംപ്ലോയിമെന്റ് എക്സചേഞ്ചുവഴി നിയമിക്കണമെന്ന നിബന്ധന മറികടന്നാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
ഇത്തരം പ്രകള്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന് പറഞ്ഞു.