ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
1482354
Wednesday, November 27, 2024 4:04 AM IST
ഉപ്പുതറ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നു റോഡിലേക്കു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ചീന്തലാർ കാറ്റാടിക്കവല ഒന്നാം ഡിവിഷനിൽ പരേതനായ രാജമണിയുടെ ഭാര്യ സ്വർണം രാജാമണി( 80)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ ഏറന്പടത്തിനു സമീപമാണ് സംഭവം. ചപ്പാത്ത് ആറാം മൈലിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്കു പോകാൻ ഏറന്പടത്തുനിന്നാണ് സ്വർണമ്മ കോട്ടയം - കട്ടപ്പന റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ കയറിയത്.
യാത്രക്കാരുടെ തിരക്കുണ്ടായിരുന്നതിനാൽ വാതിലിനടുത്ത് നിൽക്കുകയായിരുന്നു സ്വർണമ്മ. ബസ് മുന്നോട്ടെടുത്ത് നൂറു മീറ്റർ ദൂരം കഴിഞ്ഞുള്ള വളവ് തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വളവ് തിരിയുന്നതിനിടെ ബസ് ഉലഞ്ഞ് ബസിൽ നിൽക്കുകയായിരുന്ന സ്വർണമ്മ പുറത്തേക്കു തെറിച്ചു വീഴുയായിരുന്നു. വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ ബസിന്റെ വാതിൽ പൂട്ടിൽ പിടിച്ചതാകാം വാതിൽ തുറക്കാൻ കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ, സ്വർണമ്മ ഉള്ളിലേക്കു കയറി വാതിൽ അടക്കുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്നും ആരോപണമുണ്ട്.
തുറന്ന വാതിലിലൂടെ റോഡിലേക്കുള്ള വീഴ്ചയിൽ ഇവർക്ക് സാരമായി പരിക്കേറ്റു. വീഴ്ചയുടെ ആഘാധത്തിൽ മൂക്കിലൂടെ ശക്തമായി രക്തം ഒഴുകുന്നുണ്ടായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ശശി, ശശികല. മരുമക്കൾ: സ്റ്റെല്ല, രാജൻ പരുത്തിവിള ( ചപ്പാത്ത് ആറാംമൈൽ).
സംഭവത്തിൽ ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു. സ്വർണമ്മയുടെ സംസ്കാരം ഇന്ന് മൂന്നിന് ചീന്തലാർ സെന്റ് ആഡ്രൂസ് സിഎസ്ഐ പള്ളിയിൽ.