കാണിക്ക സമര്‍പ്പിക്കാനെന്ന വ്യാജേന പണപ്പിരിവുമായി തമിഴ്നാട്ടില്‍നിന്നുള്ള കുട്ടികളുടെ സംഘം ഹൈറേഞ്ചില്‍
1482308
Tuesday, November 26, 2024 7:53 AM IST
നെടുങ്കണ്ടം: ശബരിമല ദര്‍ശനത്തിന് കാണിക്ക സമര്‍പ്പിക്കാനെന്ന വ്യാജേന പണപ്പിരിവുമായി തമിഴ്നാട്ടില്‍നിന്നുള്ള കുട്ടികളുടെ സംഘം ഹൈറേഞ്ചില്‍. കുട്ടികളെ മുന്‍നിര്‍ത്തി നടത്തുന്ന തട്ടിപ്പിനുപിന്നില്‍ വന്‍ സംഘമുണ്ടെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. മൂന്നും നാലും കുട്ടികള്‍ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ പണപ്പിരിവുമായി എത്തിയത്.
ശബരിമല ദര്‍ശനത്തിനു മുന്നോടിയായുള്ള വ്രതത്തിന്റെ ഭാഗമായി എത്തിയതെന്നാണ് കുട്ടികള്‍ പറയുന്നത്. ചെറിയ കുടവുമായി എത്തിയ കുട്ടികള്‍ക്ക് മിക്കവരും പണവും നല്‍കിയിരുന്നു. ഒരാഴ്ചയില്‍ അധികമായി ഇവര്‍ പതിവായി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ കുട്ടികളോട് വിവരം തിരക്കി.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞത്. മധുരയില്‍നിന്നെത്തിയ തങ്ങള്‍ ശബരിമലയ്ക്ക് പോകുന്നതിനു മുന്നോടിയായി കമ്പത്ത് തങ്ങുകയാണെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പിന്നീട് കമ്പം നിവാസികളാണെന്നും ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നതിനാണ് പണം സ്വരൂപിക്കുന്നതെന്നും പറഞ്ഞു. ഇതോടെ കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവരുടെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
നെടുങ്കണ്ടം പോലീസ് എത്തി കുട്ടികളെ ബസിൽ കയറ്റി തമിഴ്നാട്ടിലേക്ക് അയച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയിട്ടും ഇവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കാനോ തമിഴ്നാട് പോലീസില്‍ വിവരം അറിയിക്കാനോ നെടുങ്കണ്ടം പോലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.
നെടുങ്കണ്ടത്തിന് പുറമേ തൂക്കുപാലം, അടിമാലി, കമ്പംമെട്ട്, കട്ടപ്പന, കുമളി തുടങ്ങിയ മേഖലകളിലും കുട്ടികളുടെ സംഘങ്ങള്‍ എത്തുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.