വനം വകുപ്പ് ഉദ്യോഗസ്ഥന് വാച്ചറെ ക്രൂരമായി മര്‍ദിച്ചതായി പരാതി
1482307
Tuesday, November 26, 2024 7:53 AM IST
മറയൂര്‍: മറയൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് ചന്ദന റിസർവ് വാച്ചറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെവിക്ക് സാരമായി പരിക്കേറ്റ വനം വകുപ്പ് വാച്ചര്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രി മറയൂര്‍ ചന്ദന ഡിവിഷനിലെ നാച്ചിവയല്‍ റിസര്‍വില്‍നിന്നു ചന്ദനമരങ്ങള്‍ മോഷണം പോയത് അന്വേഷിക്കാനെത്തിയ മറയൂര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാമകൃഷ്ണന്, വാച്ചർ മാരിയപ്പനെ മുഖത്തടിച്ച് നിലത്തിട്ടശേഷം ചവിട്ടുകയായിരുന്നെന്നു പറയുന്നു.
ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ പതിനാലുവര്‍ഷമായി ചന്ദന സംരക്ഷണ ജോലി നോക്കുന്ന വ്യക്തിയാണ് താനെന്നും ഇതേവരെ തന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നും മാരിയപ്പന് പറയുന്നു.