തൊടുപുഴ കേന്ദ്രീകരിച്ച് ലഹരിക്കേസുകളിൽ വർധന
1482351
Wednesday, November 27, 2024 4:04 AM IST
തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ ലഹരിസംഘങ്ങളെ പിടികൂടിയ തൊടുപുഴ മേഖലയിൽ ലഹരി ഉപയോഗത്തിൽ വൻ വർധനയെന്ന് കണക്കുകൾ. തൊടുപുഴ സബ് ഡിവിഷനിലെ ഏഴ് സ്റ്റേഷനുകളിൽ ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ 21 വരെ പോലീസ് പിടികൂടിയത് 181 കേസുകളാണ്.
പത്തു കിലോയ്ക്ക് മുകളിൽ കഞ്ചാവ് തൊടുപുഴ സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയത് മൂന്നു കേസുകളാണ്. പത്തു കിലോയിൽ താഴെയുള്ള ആറെണ്ണവും ഒരു കിലോയിൽ താഴെവരുന്ന 20 എണ്ണവുമാണ് ഇക്കാലയളവിൽ പിടികൂടിയത്. 146 കേസുകളിൽ തൊണ്ടിമുതൽ കണ്ടെത്തി.
പോലീസിന്റെ നേതൃത്വത്തിൽ 46 കിലോ കഞ്ചാവാണ് 11 മാസത്തിനുള്ളിൽ പിടിച്ചെടുത്തത്. 145.17 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇതിനു പുറമേ 2.3 ഗ്രാം ഹാഷിഷ് ഓയിലും ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. വിപണിയിൽ ലക്ഷക്കണക്കിനു രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് അടുത്ത നാളുകളിൽ പിടികൂടിയത്.
തൊടുപുഴ സ്റ്റേഷൻ പരിധിയിൽ മാത്രം ഇതുവരെ 70 കേസാണ് രജിസ്റ്റർ ചെയ്തത്. നഗരത്തിൽ ഇതുവരെ പിടിച്ചെടുത്ത ലഹരിവേട്ടയിലെ ഏറ്റവും ഉയർന്ന കണക്കും ഇതുതന്നെ.
കരിങ്കുന്നം സ്റ്റേഷനിൽ 39 കേസുകൾ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു. കാളിയാർ സ്റ്റേഷൻ പരിധിയിൽ 16 കേസുകളും കരിമണ്ണൂരിൽ 25, മുട്ടത്ത് 13 കേസുകളും പിടികൂടി.
കാഞ്ഞാർ സ്റ്റേഷനിൽ 18 ലഹരി കേസുകളാണ് ചാർജ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ വ്യാപക പരിശോധനകളിലാണ് ഇത്രയും കേസുകൾ പിടി കൂടിയത്.