ഓറഞ്ച് ദ വേൾഡ് കാന്പയിൻ 2കെ24
1482311
Tuesday, November 26, 2024 7:53 AM IST
കുട്ടിക്കാനം: ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണ്‍ ഇടുക്കിയുടെയും നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളജിൽ "ഓറഞ്ച് ദ വേൾഡ് കാന്പയിൻ 2കെ24’ സംഘടിപ്പിച്ചു.
"സുരക്ഷ, എല്ലായിടത്തും എപ്പോഴും' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാംപയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ വി. വിഘ്നേശ്വരി നിർവഹിച്ചു. നമ്മുടെ ആസ്വാദനം മറ്റുള്ളവരുടെ ആസ്വാദന സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി മാറരുത്. ചെറിയ ചെറിയ കാര്യങ്ങളിൽത്തന്നെ പ്രൊട്ടക്ഷൻ ആരംഭിക്കണം. ചൂഷണം എന്നതു ശാരീരികം മാത്രമല്ല, മാനസികമായ ആഘാതമേൽപ്പിക്കലും ചൂഷണമാണെന്ന് ജില്ലാ കലക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജെൻഡർ സ്പെഷലിസ്റ്റ് പ്രിൻസ് ബെന്നി ക്ലാസ് നയിച്ചു.
കാന്പയിനു മുന്നോടിയായി നടന്ന ബോധവത്കരണ റാലി പീരുമേട് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോണ്സണ് ഫ്ലാഗ് ഓഫ് ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, പീരുമേട് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോണ്സണ്, സ്കൂൾ ഓഫ് സോഷ്യൽ വർക്ക് അസിസ്റ്റന്റ് പ്രഫസർ അനു ഏബ്രഹാം, ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണ്‍ ഇടുക്കി ജില്ലാ കോ - ഓർഡിനേറ്റർ സുബിത പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
മരിയൻ കോളജിലെ ജൻഡർ ഇക്വിറ്റി സെൽ, നാഷണൽ സർവീസ് സ്കീം , എൻസിസി, യുഎൻഎഐ, സസ്റ്റൈനബിലിറ്റി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പി ച്ചത്.