പള്ളിക്കത്തോട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു
1602000
Wednesday, October 22, 2025 11:40 PM IST
കോട്ടയം: പള്ളിക്കത്തോട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു നിവേദനം നല്കാന് ശ്രമിച്ചയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റി. ഇന്നലെ രാവിലെ 10നു കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി കലുങ്ക് സഭ കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണു കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞു നിവേദനം നല്കാന് ശ്രമം നടത്തിയത്. വാഹനം തടഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയതെന്നാണു പറയുന്നത്.
തുടര്‍ന്ന് നിവേദനം നല്‍കാനെത്തിയ ആളെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ തന്നെ സമാധാനിപ്പിച്ചു പ്രശ്നം ചോദിച്ചശേഷം സാമ്പത്തിക സഹായം നല്കി വീട്ടിലേക്ക് മടക്കിവിടുകയായിരുന്നു.
ഇത് സംബന്ധിച്ചു ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ദിപിന് കെ. സുകുമാര്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്കി. ഇതിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണെന്നും അതിനാല്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം താന്‍ ബിജെപി അനുഭാവിയാണെന്ന് ഷാജി പറഞ്ഞു.
സമഗ്രാന്വേഷണം വേണം
സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. പരിപാടിയില്‍ പ്രശ്നമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഡിവൈഎസ്പി അടക്കമുള്ളവരെ അറിയിച്ചിരുന്നതാണ്. ഒന്നരമണിക്കൂര്‍ നീണ്ട സഭയിലോ ഹെല്‍പ്പ് ഡെസ്കിലോ പരാതി നല്‍കാതെ വാഹനം തടഞ്ഞുനിര്‍ത്തി ഇതിനു ശ്രമിച്ചുവെന്നതു വിശ്വസിക്കാനാകുന്നില്ല.
എന്‍. ഹരി
ബിജെപി മധ്യമേഖല പ്രസിഡന്റ്