സംസ്ഥാന നീന്തൽ മത്സരം: ജെയ്സണ് സ്വർണം
1601975
Wednesday, October 22, 2025 11:40 PM IST
എരുമേലി: വർഷങ്ങൾക്ക് മുമ്പ് മണിമലയാറിൽ ഒഴുക്കിൽപ്പെട്ട് മരണത്തിന്റെ വക്കിലെത്തിയ രണ്ട് അയ്യപ്പഭക്തരെ രക്ഷിച്ച ജെയ്സൺ നീന്തൽ മത്സരത്തിൽ വിജയം തുടരുന്നു. കഴിഞ്ഞദിവസം തിരുവല്ലയിൽ നടന്ന 14-ാമത് സംസ്ഥാന നീന്തൽ മത്സരത്തിൽ 35 വയസിന് മേലുള്ളവരുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലാണ് സ്വർണ മെഡൽ നേടിയത്.
2021ൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിൽ 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക് ഇനങ്ങളിൽ ജെയ്സൺ ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർന്ന് ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ ഫ്രീ സ്റ്റൈൽ വിഭാഗം 50, 100 മീറ്റർ ഇനങ്ങളിലും 50 മീറ്റർ ബാക്ക് സ്ട്രോക്കിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
എരുമേലി കണ്ണിമല മഞ്ഞക്കാലയിൽ ജയിംസ്-റോസമ്മ ദമ്പതികളുടെ മകനായ ജെയ്സൺ നിലവിൽ വെണ്ണിക്കുളം ബഥനി അക്കാദമി സ്കൂളിലെ കായികാധ്യാപകനും നീന്തൽ പരിശീലകനുമാണ്. ചെറുപ്പത്തിലേ അച്ഛനൊപ്പം മണിമലയാറിൽ നീന്തി നേടിയ പരിചയമാണ് നീന്തൽ രംഗത്ത് പരിശീലനം നേടി പരിശീലകനായി മാറുന്നതിൽ എത്തിയതെന്ന് ജെയ്സൺ പറഞ്ഞു. എരുമേലിയിൽ ഒട്ടേറെ പേർക്ക് നീന്തലിൽ പരിശീലകൻകൂടിയാണ് ജെയ്സൺ.
ഹഏതാനും വർഷം മുമ്പ് ശബരിമല സീസണിൽ മണിമലയാറിൽ രണ്ട് അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിച്ചത് ജെയ്സണും സുഹൃത്തുക്കളും ചേർന്നായിരുന്നു.