കൈവരിയുണ്ടെങ്കിൽ ഈ കലുങ്ക് ഇങ്ങനെ നാണംകെട്ട് നിൽക്കില്ല!
1601968
Wednesday, October 22, 2025 10:39 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-സുഖോദയ റോഡിലെ കലുങ്കിന് കൈവരി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിറ്റാറിന്റെ കൈത്തോടിനു കുറുകെയുള്ള കലുങ്കാണ് കൈവരി ഇല്ലാത്തതുമൂലം അപകടഭീഷണി ഉയർത്തുന്നത്.
ഈരാറ്റുപേട്ട റോഡിൽനിന്നടക്കം എത്തുന്ന വാഹനയാത്രക്കാർ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവേശിക്കാതെ കുന്നുംഭാഗത്തു ദേശീയപാതയിലെത്താൻ ആശ്രയിക്കുന്ന റോഡാണ് സുഖോദയ റോഡ്. വീതി കുറവാണെങ്കിലും ഈ റോഡിലൂടെ നൂറുകണക്കിനു ചെറുവാഹനങ്ങളാണ് കടന്നുപോകുന്നത്. ടൗണിൽ ഗതാഗതക്കുരുക്കുള്ളപ്പോൾ യാത്രക്കാരുടെ എണ്ണം കൂടും. സ്കൂൾ വാനുകളടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്.
തമ്പലക്കാട് റോഡിൽനിന്നു സുഖോദയ റോഡിലേക്കു പ്രവേശിക്കുന്നയിടത്തെ കലുങ്കാണ് യാത്രക്കാർക്ക് കൈവരിയില്ലാതെ അപകടഭീഷണി ഉയർത്തുന്നത്.
പഞ്ചായത്തേ ഉണരൂ
വീതി കുറവായ കലുങ്കിലൂടെ ഒരു വാഹനത്തിനു മാത്രമാണ് കടന്നു പോകാനാകുക. വഴി പരിചയമില്ലാത്ത ഇരുചക്ര വാഹനയാത്രക്കാർ ആരെങ്കിലും ഈ സമയം ഇതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ അപകടസാധ്യത വർധിക്കും.
കലുങ്കിന്റെ ഒരു വശത്തു കാട് വളർന്ന നിലയിലാണ്. ഇത് ഈ ഭാഗത്തെ റോഡിന്റെ അതിര് കാഴ്ചയിൽനിന്നു മറയ്ക്കുന്ന സ്ഥിതിയുമുണ്ട്. മഴ കൂടി പെയ്തു വെള്ളം റോഡിലൂടെ ഒഴുകിയാൽ അപകടസാധ്യത കൂടും. പഞ്ചായത്തിന്റെ ആസ്തിയിലുള്ളതാണ് ഈ റോഡ്. ഇവിടെ കലുങ്കിനു കൈവരി നിർമിക്കേണ്ടതും പഞ്ചായത്താണ്. എത്രയും വേഗം കലുങ്കിനു കൈവരി നിർമിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.