വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം
1601930
Wednesday, October 22, 2025 7:45 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നു. ആധുധിക കാലഘട്ടത്തിന്റെ സാധ്യതകള്‍ക്കനുസൃതമായി ഐടി വ്യവസായത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ അഭ്യസ്തരായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കാന്‍ കഴിയും.
ഇവിടെ പ്രവര്‍ത്തിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി മെച്ചപ്പെടുത്താനും ചെറുകിട വ്യവസായ യൂണിറ്റുകളിലേക്കുള്ള റോഡ് ഗതാഗതം മെച്ചപ്പെടുത്താനും അധികൃതര്‍ തയാറാകണമെന്നും ആര്‍ജെഡി ചങ്ങനാശേരി നിയോജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു, ഓമന വിദ്യാധരന്, സുരേഷ് പുഞ്ചക്കോട്ടില്‍, ജോസഫ് കടപ്പള്ളി, ഇ.ഡി. ജോര്‍ജ്, ലാല്‍ പ്ലാംതോപ്പില്, ജോര്‍ജുകുട്ടി കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.