ഒരുവട്ടംകൂടിയെന്നോര്മകള് മേയുമ്പോള്‍...
1601999
Wednesday, October 22, 2025 11:40 PM IST
മന്ത്രി റോഷി അഗസ്റ്റിന്
1984ല്‍ പ്രീഡിഗ്രിക്ക് സെന്റ് തോമസ് കോളജിലേക്ക് അല്പം ആശങ്കയോടെയാണു കടന്നുചെന്നതെങ്കിലും കോളജ് വോളിബോളിന് പ്രസിദ്ധമാണെന്നത് വോളി കമ്പക്കാരനായ എനിക്ക് ഏറെ സന്തോഷം പകര്‍ന്നു. വോളിപ്രിയരുടെ മനസില്‍ ഒരിക്കലും മായാത്ത ജിമ്മി ജോര്‍ജ് പഠിച്ച കോളജിന്റെ ടീമിലെത്താനായത് ഭാഗ്യമായി ഞാന്‍ കരുതി. കലാലയ രാഷ്ട്രീയവും വോളിബോള്‍ കളിയുമൊക്കെയായി അഞ്ചു വര്‍ഷം ഞാന്‍ സെന്റ് തോമസില്‍ പഠിച്ചു.
ക്ലാസില്‍ ചെല്ലുമ്പോള്‍ ആദ്യ രണ്ട് അവറുകള്‍ കഴിഞ്ഞിരിക്കും. പലപ്പോഴും പ്രാക്ടിക്കല്‍ ആണ് നഷ്ടമാകുന്നത്. അതിനൊരു പോംവഴി കണ്ടെത്തി. വൈകുന്നേരം വോളി പ്രാക്ടീസ് കഴിഞ്ഞ് രാത്രിബസില്‍ കോട്ടയം തിരുനക്കരയിലെ പ്രതിഭാ ട്യൂഷന് സെന്ററില്‍ എത്തും. രാവിലെ കോളജില്‍ ചെയ്യാന്‍ പറ്റാതിരുന്ന പ്രാക്ടിക്കല്‍ അവിടെ വച്ചുചെയ്യും. ട്യൂഷന്സെന്ററില്നിന്ന് രാത്രി വൈകി തിരിച്ചെത്തി വൈകി മുത്തോലിയില്‍ തങ്ങും.
ഡിഗ്രി പരീക്ഷ എഴുതാനുള്ള അറ്റന്‍ഡന്‍സ് അല്പം കുറവായിരുന്നു. പ്രിന്‍സിപ്പല്‍ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ കനിഞ്ഞാലേ പരീക്ഷ എഴുതാന്‍ സാധിക്കൂ എന്ന സാഹചര്യം. ഒരു തരത്തിലും അച്ചന് വഴങ്ങുന്ന മട്ടുമില്ല. ഇതോടെ നാട്ടകം കോളജില്‍ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലായി ഞാന്‍.
ഫീസ് അടയ്ക്കേണ്ട ദിവസത്തിന് തലേന്ന് ഞാന്‍ അച്ചനെ സമീപിച്ച് തുടരെ യാചിച്ചെങ്കിലും അച്ചന് മുഖത്തോട്ടു പോലും നോക്കാതെ ഗൗരവത്തിലാണ്. മണിക്കൂറുകള്‍ അച്ചന്റെ മുറിവാതില്ക്കല് നിന്നു. ഏറെക്കഴിഞ്ഞ് അച്ചന് ഇറങ്ങിവന്ന് നീ രാവിലെ ഓഫീസിലേക്ക് വാ എന്ന് പറഞ്ഞത് ആശ്വാസമായി. അങ്ങനെ ഫീസ് അടച്ചു പരീക്ഷ എഴുതി.
മന്ത്രിയായശേഷം നടന്ന ഞങ്ങളുടെ ബാച്ചിലെ റീയൂണിയന് സഹപാഠികള്‍ എല്ലാവരും എത്തിയത് തിളങ്ങുന്ന ഓര്‍മയാണ്. ആ യോഗം ഉദ്ഘാടനം ചെയ്തതാകട്ടെ ഈനാസച്ചനും. സെന്റ് തോമസ് കലാലയ ജീവിതമാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാനും രാഷ്ട്രീയ രംഗത്ത് ഉയരാനും എന്നെ പ്രാപ്തനാക്കിയത് എന്നു പറയുന്നതില്‍ അഭിമാനമുണ്ട്.