സോളാർ വഴിവിളക്കുകൾ നാശത്തിന്റെ വക്കിൽ
1601974
Wednesday, October 22, 2025 11:40 PM IST
മുണ്ടക്കയം: ടൗണിനെ പ്രകാശപൂരിതമാക്കുകയെന്ന ലക്ഷ്യത്തോടെ 2015-16 കാലഘട്ടത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ ഇന്ന് പൂർണമായി നാശത്തിന്റെ വക്കിൽ. ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നു 14.5 ലക്ഷം രൂപ മുടക്കിയായിരുന്നു വഴിവിളക്കുകൾ സ്ഥാപിച്ചത്.
കല്ലേപ്പാലം മുതൽ പൈങ്ങന പാലം വരെയും കോസ്വേ പാലം, സിഎംഎസ് ഹൈസ്കൂൾ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലായി 54ഓളം സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതും പ്രവർത്തന രഹിതമാണ്.
സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ വിളക്കുകളുടെ സോളർ പാനൽ, ബാറ്ററി, ബൾബ് തുടങ്ങിയവ പലയിടങ്ങളിലെയും മോഷണം പോയി.
യാതൊരു ദീർഘവീക്ഷണവുമില്ലാതെ പാതയോരങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകളിൽ വാഹനമിടിച്ച് കേടുപാട് സംഭവിച്ചു. പല സ്ഥലങ്ങളിലും ലൈറ്റിനായി സ്ഥാപിച്ച തൂണുകൾ പോലും മോഷ്ടാക്കൾ കൊണ്ടുപോയ നിലയിലാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതി കൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെയായി. കൃത്യമായി ആസൂത്രണമില്ലാതെ സ്ഥാപിച്ചതും വഴിവിളക്കുകളുടെ പരിപാലനം കരാർ കമ്പനിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്താത്തതും വഴിവിളക്കിന്റെ നാശത്തിന് കാരണമായി.
പദ്ധതി പൂർണമായും പരാജയപ്പെട്ടതോടെ ടൗണിന്റെ പല ഭാഗങ്ങളും ഇപ്പോൾ ഇരുളിന്റെ പിടിയിലാണ്. ഇനിയും ലക്ഷങ്ങൾ മുടക്കി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾകൂടി ഉണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.