വയോജനങ്ങൾക്കൊപ്പം ഷെഫ്സ് ഡേ
1601896
Wednesday, October 22, 2025 7:16 AM IST
കുമരകം: ഇന്റർനാഷണൽ ഷെഫ്സ് ഡേ ഓർഫനേജിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. ദി സുരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പായിലെ ജീവനക്കാരും ഷെഫുമാരുമാണ് ഇന്റർനാഷണൽ ഷെഫ്സ് ഡേ-2025 വേറിട്ട മാതൃകയായി ആഘോഷിച്ചത്. ഫുഡ് എക്സ്പ്ലോർസ് എന്ന തീമിനെ ആസ്പദമാക്കിയായിരുന്നു പരിപാടി. ഷെഫ്മാർ കുമരകം സംരക്ഷ ഓർഫനേജ് സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം ദിവസം മുഴുവൻ ചെലവഴിക്കുകയും ചെയ്തു.
ഷെഫുമാർ ഓർഫനേജിന്റെ ചുറ്റുമതിൽ പെയിന്റ് ചെയ്തു മനോഹരമാക്കി. ഇത് ഷെഫുമാരുടെ കലാത്മക മികവും ടീം സ്പിരിറ്റും തെളിയിച്ചു. കലയും കരുണയും ചേർന്ന ദിനത്തിൽ ഷെഫുമാർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ അന്തേവാസികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ വെളിച്ചം പകർന്നു.
ഷെഫുമാർ തയാറാക്കിയ രുചികരമായ വിഭവങ്ങൾ വിളമ്പിയതോടെ ആഘോഷം പൂർണതയിലെത്തി. പാചകത്തിന്റെ രുചിയും ഹൃദയത്തിന്റെ താപവും ഒരുമിച്ച് നിറഞ്ഞതായിരുന്നു വൃദ്ധസദനത്തിലെ ദിനാഘോഷം.
ജനറൽ മാനേജർ ശരത് വത്സരാജ്. എച്ച്ആർ ഹെഡ് വി.ആർ. ഹരികൃഷ്ണൻ, എക്സിക്യൂട്ടീവ് ഷെഫ് ബോബൻ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഷെഫേഴ്സ് ദിനാഘോഷം.