പുതുചരിത്രമെഴുതി സെന്റ് തോമസ് കോളജ്
1601996
Wednesday, October 22, 2025 11:40 PM IST
ഡോ. സിറിയക് തോമസ്
മുന്‍ വൈസ് ചാന്‍സലര്‍, എംജി സര്‍വകലാശാല
പാലാ സെന്റ് തോമസ് കോളജ് ഒരു രാത്രി വെളുത്തപ്പോള്‍ സ്വയംഭൂവായി വന്ന സ്ഥാപനമല്ല. കല്ലിലും മണ്ണിലും ചവിട്ടിനിന്നും കല്ലും മണ്ണും തലയില്‍ ചുമന്നും ഒരു തലമുറ കഷ്ടപ്പെട്ടു പണിതുയര്‍ത്തിയ വിജ്ഞാനമന്ദിരമെന്നോ സരസ്വതീക്ഷേത്രമെന്നോ വിശേഷിപ്പിച്ചാല്‍ പരിഭവം വേണ്ട.
പാലാ കോളജിന്റെ സ്ഥാപനം പാലായുടെ ചരിത്രം മാറ്റിയെഴുതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അതൊരു പൂക്കാലം തന്നെയായിരുന്നു. എന്‍എസ്എസ് വകയായി മന്നത്തു പത്മനാഭനും എസ്എന്‍ഡിപി യോഗം വകയായി ആര്. ശങ്കറും കോളജുകള്‍ തുടങ്ങിയ കാലം. ശങ്കര്‍ കൊല്ലം കോളജിലേക്കു പ്രിന്‍സിപ്പലായി കൊണ്ടുവരുവാന്‍ ശ്രമിച്ചത് സര് സി.വി. രാമനെയാണ്. അന്നത്തെ മൈസൂര്‍ മുഖ്യമന്ത്രി കെ. ഹനുമന്തയ്യ വഴി സമ്മര്‍ദം ചെലുത്തിയിട്ടും സി.വി. രാമന് വഴങ്ങിയില്ല.
പാലാ കോളജിലേക്ക് വയലില്‍ പിതാവ് ആദ്യ പ്രിന്‍സിപ്പലായി കൊണ്ടുവന്നത് ഡല്‍ഹിയില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസിനെയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഡല്‍ഹിക്കു മടങ്ങി. കൊല്ലം ഫാത്തിമാമാതാ കോളജ് പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസഫ് കുരീത്തടമായിരുന്നു പിന്‍ഗാമിയായി എത്തിയത്. പതിനാറു വര്‍ഷം അച്ചന് കോളജിന്റെ ജീവാത്മാവും പരമാത്മാവുമായി പ്രിന്‍സിപ്പലിന്റെ കസേരയിലിരുന്നു. അച്ചന്റെയും കോളജിന്റെയും രാജയോഗകാലമായിരുന്നു അതെന്ന് സാക്ഷ്യപ്പെടുത്തിയത് സെന്റ് തോമസ് കോളജില്‍ത്തന്നെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുമേധാവിയായിരുന്ന ജ്യോതിഷ പണ്ഡിതന് പ്രഫ. കെ. രാമകൃഷ്ണപിള്ളയായിരുന്നു.
പിന്നീടു വന്ന പ്രിന്‍സിപ്പല്‍മാരും മോശക്കാരായിരുന്നില്ല. ഡോ. എന്‍.എം. തോമസച്ചന് ഞങ്ങളുടെ പൊളിറ്റിക്സ് പ്രഫസറായിരിക്കെയാണ് അല്‍ഫോന്‍സാ കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായത്. പിന്നീട് കുരീത്തടത്തിലച്ചന്റെ പിന്‍ഗാമിയെന്ന നിലയില്‍ അച്ചന് സെന്റ് തോമസ് കോളജിന്റെ സാരഥിയായി. തുടര്‍ന്ന് പ്രിന്‍സിപ്പലായ പ്രഫ. പി.എം. ചാക്കോ പാലാ കോളജ് കണ്ട ഏറ്റവും ജനകീയനായ പ്രിന്‍സിപ്പലുമായിരുന്നു. പണ്ഡിതരും പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകരുടെ ഒരു ശൃംഖലതന്നെ കോളജിന് എക്കാലത്തും അവകാശപ്പെടാനുണ്ടായിരുന്നു.