പാലാക്കുന്നേല്‍ ജോസഫ് സക്കറിയയുടെ കരുതലില്‍ കുറുമ്പനാടം സ്കൂളിലെ 50 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
1576582
Thursday, July 17, 2025 7:19 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 50 പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി പൂര്‍വ വിദ്യാര്‍ഥിയായ പാലാക്കുന്നേല്‍ ജോസഫ് സക്കറിയ ഏര്‍പ്പെടുത്തിയ 5000 രൂപ വീതമുള്ള സ്കോളര്‍ഷിപ്പ് സമ്മാനിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. പാലാക്കുന്നേല്‍ ജോസഫ് സക്കറിയയുടെ സ്കൂള്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ നെസ്തോര്‍ എഫ്സിസിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സ്മരണാര്‍ഥമാണ് ഇദ്ദേഹം കഴിഞ്ഞ 22 വര്‍ഷമായി 50 കുട്ടികള്‍ക്ക് വീതം പഠനസഹായമായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
സാമ്പത്തിക പിന്നാക്കാവസ്ഥയും പഠനമികവും സല്‍സ്വഭാവവുമുള്ള വിദ്യാര്‍ഥികളെയാണ് സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്. ഇദ്ദേഹത്തിന്റെ മകൻ സൗദിയില്‍ അരാംകോ കമ്പനി മാനേജരായ ജോര്‍ജ് ജോസഫിനെയും തന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ പാത പിന്തുടരുന്നതിനായി വര്‍ഷംതോറും നടത്തുന്ന ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാറുണ്ട്.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, സീനിയര്‍ അസി. മഞ്ജു ഗ്ലാഡി, പ്രോഗ്രാം കണ്‍വീനര്‍ അഞ്ജു സോജന് എന്നിവര്‍ പ്രസംഗിച്ചു.