വാളികുളത്തെ പന്നിഫാമിനെതിരേ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
1576321
Thursday, July 17, 2025 12:02 AM IST
കടനാട്: നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കടനാട് പഞ്ചായത്തിലെ വാളികുളത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അനധികൃത പന്നിഫാം പാലാ ആര്‍ഡിഒ ദീപ സന്ദര്‍ശിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന പന്നിഫാമിനെതിരേ നടപടിയെടുക്കുവാന്‍ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ബിജെപിയുടെ നേതൃത്വത്തില്‍ അനധികൃത ഫാമിനെതിരായി മാസങ്ങളായി സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആര്‍ഡിഒ എത്തിയപ്പോള്‍ ഉടമ ഗേറ്റ് താഴിട്ടു പൂട്ടിയിരുന്നു. അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് ഗേറ്റ് തുറന്ന് അകത്തു കടക്കാനായത്.
നാട്ടുകാരായ നൂറുകണക്കിനാളുകള്‍ പരാതികളുമായി ആര്‍ഡിഒയ്ക്ക് അടുത്തെത്തി. ദുര്‍ഗന്ധം മൂലം സമീപവാസികള്‍ക്ക് ഇവിടെ ജീവിക്കുവാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫാമിലെ വെള്ളം ഒഴുകി സമീപത്തെ കിണറുകളിലും എത്തുന്നുണ്ട്. ഇതിനാല്‍ വെള്ളത്തിനും ദുര്‍ഗന്ധമാണ്.
പന്നിഫാം പ്രവര്‍ത്തിക്കണമെങ്കില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കണം എന്ന കര്‍ശന മാനദണ്ഡമാണുള്ളത്. ഫാമില്‍നിന്നു മലിനജലം ഒഴുകുന്നതിന് ചുടുകട്ടകള്‍ ഉപയോഗിച്ച് കാനകള്‍ തീര്‍ക്കണം. കാനകള്‍ക്ക് മുകളില്‍ ചെറിയ സ്ലാബുകളിട്ട് മൂടുകയും വേണം. ഗ്യാസ് പ്ലാന്റില്‍നിന്ന് ഓവര്‍ഫ്ളോ വരുന്ന സ്ലറി മറ്റൊരു ടാങ്കിലേക്ക് എത്തിക്കുകയും ചെയ്യണം. ബയോഗ്യാസ് പ്ലാന്റ് ഉപയോഗ യോഗ്യവുമാക്കണം. ഫുഡ് വേസ്റ്റ് സൂക്ഷിക്കുന്ന ടാങ്കിനും മൂടികള്‍ വേണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പന്നിഫാം പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ഡിഒ കണ്ടെത്തി.
നൂറോളം പന്നികള്‍ ഉണ്ടായിരുന്ന ഫാമില്‍നിന്നു രാത്രി പന്നികളെ ഉടമ മാറ്റിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ആര്‍ഡിഒ എത്തിയപ്പോള്‍ പത്തു പന്നികള്‍ മാത്രമേ ഫാമില്‍ ഉണ്ടായിരുന്നുള്ളൂ. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാം നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ടു തവണ സ്റ്റോപ്പ് മെമ്മോയും കൊടുത്തിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ആര്‍ഡിഒ സ്ഥലത്തെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു.