കിടങ്ങൂരിൽ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
1576320
Thursday, July 17, 2025 12:02 AM IST
കിടങ്ങൂര്‍: കിടങ്ങൂർ പഞ്ചായത്തിലെ കുമ്മണ്ണൂരില്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. ജില്ലയിലെ ആറാമത്തെയും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തേതുമായ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററാണ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കുമ്മണ്ണൂര്‍ അപ്പാരല്‍ പാര്‍ക്കിനു സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മിച്ച സെന്ററിന്റെ നടത്തിപ്പിനായി ഒരു ട്രെയിനറെയും സഹായിയെയും നിയമിച്ചിട്ടുണ്ട്. രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. കുട്ടികളുടെ യാത്രാസൗകര്യത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഹനസൗകര്യവും ഒരുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ബിനു അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ താക്കോല്‍ദാനവും ഉപകരണങ്ങള്‍ കൈമാറലും നടത്തി.
ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പദ്ധതിവിഹിതം 20 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതം അഞ്ചു ലക്ഷം രൂപയും 2023-24 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ചു ലക്ഷം രൂപയും കുടുംബശ്രീ ജില്ലാ മിഷന്റെ ആദ്യഗഡു തുകയും ഉപയോഗിച്ചാണ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഫര്‍ണിച്ചറും പ്രവര്‍ത്തനത്തിന് ആവശ്യമായ സാധനങ്ങളും വാങ്ങാനാണ് കുടുംബശ്രീ ജില്ലാ മിഷന് വഴി അനുവദിച്ച ആദ്യ ഗഡുവായ 12.50 ലക്ഷം രൂപ വിനിയോഗിക്കുന്നത്.